മാള: വിദേശത്ത് നിന്നെത്തി മാള മേഖലയിലെ സ്വകാര്യ ലോഡ്ജിൽ ഒളിച്ച് കഴിഞ്ഞിരുന്ന ചേലക്കര സ്വദേശിയെ ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും കണ്ടെത്തി. ഖത്തറിൽ നിന്ന് കഴിഞ്ഞ ദിവസമെത്തിയ ചേലക്കര സ്വദേശിയായ ഇയാൾ കാറിലാണ് വന്നത്. സമീപത്തെ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. ലോഡ്ജിന് സമീപത്തെ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലും ഇയാൾ പോയിരുന്നു. നിലവിൽ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ടതായിരുന്നു. വീട്ടിൽ ചെറിയ കുട്ടി ഉള്ളതിനാലാണ് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞതെന്നാണ് 65 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് അധികൃതരോടും പൊലീസിനോടും മാള പഞ്ചായത്ത് അധികൃതരോടും പറഞ്ഞത്. വിദേശത്ത് നിന്നെത്തിയ വിവരം മറച്ചുവച്ച് ഒളിവിൽ കഴിയുകയും എന്നാൽ പുറത്തിറങ്ങുകയും ചെയ്തതായി കാട്ടി ആരോഗ്യവകുപ്പ് പൊലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാള പൊലീസ് കേസെടുത്തു. തുടർന്ന് ഇയാളെ വീട്ടുകാർ കാറുമായെത്തി കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള നിർദേശം നൽകിയാണ് വിട്ടയച്ചത്. ചേലക്കരയിലെ ആരോഗ്യവകുപ്പ് അധികൃതരും ഇയാളെയും കുടുംബത്തെയും നിരീക്ഷിക്കുന്നുണ്ട്. മാള ഹെൽത്ത് ഇൻസ്പെക്ടർ സി.എ വേണു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.എം സന്തോഷ്, സീനിയർ ക്ലർക്ക് പ്രേംലാൽ, മാള പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.