തൃശൂർ : ആരോഗ്യ പ്രവർത്തകർ കർമ്മ നിരതരാണ്, കഴിഞ്ഞ ജനുവരി മാസം മുതൽ ആരംഭിച്ച പ്രവർത്തനത്തിൽ നിന്ന് ഒരടി പോലും പിറകോട്ട് പോയിട്ടില്ലെന്ന് ഡി.എം.ഒ കെ.ജെ റീന പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി അഹ്വാനം ചെയ്ത ജനതാ കർഫ്യുവിനെ പൂർണ്ണമായും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് ആരോഗ്യ വകുപ്പ് നടത്തിയിട്ടുള്ളത്.
നിരിക്ഷണത്തിലുള്ളവരുടെ എണ്ണം ജില്ലയിൽ എല്ലാ ദിവസവും കൂടി വരുന്നത് ഒരു ഭാഗത്തും പാളിച്ച വരരുതെന്ന ലക്ഷ്യം വച്ചത് മൂലമാണ്. വളരെ കുറച്ച് പേർ മാത്രമാണ് ജില്ലയിൽ ആശുപത്രികളിൽ കഴിയുന്നത്. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കുകയാണ്. അത് കൊണ്ട് തന്നെ നമുക്ക് ഇത് വരെ രണ്ട് കേസുകൾ മാത്രമാണ് പോസറ്റീവ് ആയത്. പിന്നെ ലഭിച്ച പരിശോധനാ ഫലങ്ങൾ എല്ലാം തന്നെ നെഗറ്റീവ് ആണ്. ആരാധനാലയങ്ങളിലെ പ്രാർത്ഥനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ് വളരെ ആശ്വാസകരമാണ്.
സ്കൂളുകൾ അടച്ചതോടെ കുട്ടികൾ കളിക്കാൻ പോകുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണം. പഞ്ചായത്ത് ഗ്രൗണ്ടുകളിൽ നിശ്ചിത ആളുകളിൽ കൂടുതൽ പേർ കളിക്കാൻ അനുവദിക്കരുത്. സർക്കാരിന്റെ നിർദ്ദേശം പരമാവധി ജനങ്ങൾ പാലിക്കുന്നുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നും പാലിക്കണമെന്ന് ഡി.എം.ഒ അഭ്യർത്ഥിച്ചു.
യാത്രകൾ അത്യാവശ്യം മാത്രമാക്കുക
ഇന്ന് മാത്രമല്ല തുടർ ദിവസങ്ങളിലും പരമാവധി യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി ചുരുക്കിയാൽ മാത്രമേ നമുക്ക് കടമ്പ കടക്കാനാകൂ. പൊതു യാത്രകൾ ഒഴിവാക്കി സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതാണ് ഉചിതം.
സേവന സന്നദ്ധരായുണ്ട്
താഴെത്തട്ട് വരെ സേവന സന്നദ്ധരായി ആരോഗ്യ പ്രവർത്തകർ മുഴുവൻ സമയവും ഉണ്ട്. അവശ്യ സേവനത്തിന് നൽകിയിട്ടുള്ള നമ്പറുകളിലേക്ക് വിളിച്ച് സേവനം ഉപയോഗിക്കാം.