മതിലകം: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിരീക്ഷണത്തിലിരുന്ന 11 പേരിൽ ഒമ്പത് പേരുടെയും ഫലം നെഗറ്റീവ്. ഇതോടെ ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം രണ്ടായി കുറഞ്ഞു. ഇതിൽ ഒരാൾ തൃശൂർ ജനറൽ ആശുപത്രിയിലും മറ്റൊരാൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്.
വൈറസ് സ്ഥിരീകരിച്ച യുവാവിനോടൊപ്പമുണ്ടായിരുന്ന ബന്ധുവും നെഗറ്റീവ് ഫലം ലഭിച്ചവരിൽ ഉൾപ്പെടും. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1013 ആണ്. 274 കൂളിമുട്ടം, 168 കയ്പമംഗലം, 158 മാടവന, 146 ചാമക്കാല, 136 പെരിഞ്ഞനം, 106 പടിഞ്ഞാറെ വെമ്പല്ലൂർ, 75 എടവിലങ്ങ് എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശം അവഗണിക്കുന്നവരെ നിയമാനുസൃതം നേരിടണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ പൊലീസിന് നിർദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ അബീദലി, ലൈന അനിൽ, ഡോ. സാനു എം. പരമേശ്വരൻ, മതിലകം എസ്.ഐ സൂരജ് കെ.എസ്, ഈസാബിൻ അബ്ദുൾ കരീം, അജന്ത കെ.ആർ, പി.എം ഹസ്സൻ, ടി.എം ജ്യോതി പ്രകാശൻ പങ്കെടുത്തു.