മാള: കൊവിഡ് 19 ആശങ്കയ്ക്കിടയിലും ബാങ്കുകളിലെ സ്വർണ പണയ കാർഷിക വായ്പ്പ പുതുക്കുന്നതിന് ജനം നെട്ടോട്ടത്തിൽ. വായ്പ എടുത്ത പണവും പലിശയും തിരിച്ചടച്ച് ക്‌ളോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ ഇടപാടുകാർക്ക് സന്ദേശം അയച്ചു.
കഴിഞ്ഞ ആഴ്ച ബാങ്കുകൾക്ക് ലഭിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദേശം. മാർച്ച് 31 വരെയാണ് ഇത്തരം കാർഷിക വായ്പകളുടെ ഇളവ് അനുവദിച്ചതെന്നാണ് വിവരം. ഒക്ടോബർ ഒന്നിന് മുമ്പ് എടുത്ത വായ്പകൾക്ക് നാല് ശതമാനം പലിശ മതിയെന്നായിരുന്നു. അതിനു ശേഷം എടുത്ത കാർഷിക വായ്പ്പകൾക്ക് ഒമ്പത് ശതമാനത്തോളം പലിശ വേണ്ടിവരും.
ഇപ്പോൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ശേഷിക്കുന്ന മാസം കൂടിയ പലിശ നൽകേണ്ടി വരുമെന്നാണ് ബാങ്ക് അധികൃതരുടെ വാദം. നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ ഇടപാടുകാർ കൂട്ടത്തോടെ എത്തുന്ന സാഹചര്യം ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടായാൽ കാര്യങ്ങൾ കൂടുതൽ വഷളാകും.
സംസ്ഥാനത്ത് ഏകദേശം 30 ലക്ഷം പേരാണ് സ്വർണം പണയപ്പെടുത്തി നാല് ശതമാനം പലിശ നിരക്കിൽ വായ്പ എടുത്തിട്ടുള്ളത്.
നടപടി ക്രമങ്ങൾ ലളിതമായതിനാൽ വായ്പ എടുക്കുന്നവർക്ക് ഏറെ സഹായകരമായിരുന്നു. കോവിഡ് 19 വ്യാപകമാകുന്നതിന്റെ തുടക്കത്തിലാണ് ഈ ഉത്തരവ് വന്നത്. പുതിയ കാർഷിക വായ്പകൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ആവശ്യമാണ്. കൃഷിയിടത്തിനും കൃഷിക്കും അനുസരിച്ച് വായ്പ നൽകുമ്പോൾ സ്വർണം പണയം നൽകേണ്ടതില്ല.
പൊസഷൻ സർട്ടിഫിക്കറ്റ്, ആധാരം, നികുതി അടച്ച രശീത് എന്നിവയാണ് ആവശ്യമായുള്ളത്. ഒരു കർഷകന് പരമാവധി 1,60,000 രൂപയാണ് വായ്പയായി ലഭിക്കുക. 1,60,000 രൂപയിൽ കൂടുതൽ വായ്പ ആവശ്യമാണെങ്കിൽ ആധാരം പണയപ്പെടുത്തേണ്ടി വരും.
കൃഷി സ്ഥലത്തിന്റെ തരവും കൃഷിയും അനുസരിച്ചാണ് കിസാൻ ക്രെഡിറ്റ് കാർഡിൽ വായ്പ അനുവദിക്കുക.
..............
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം സബ്‌സിഡി ലഭിക്കുന്ന കാർഷിക വായ്പകൾക്ക് അടുത്ത മാസം ഒന്ന് മുതൽ ഇളവ് ലഭിക്കില്ലെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. വായ്പ്പ തിരിച്ചടയ്ക്കുകയോ പുതുക്കുകയോ ചെയ്യണമെന്നാണ് ബാങ്കിൽ നിന്ന് സന്ദേശം ലഭിച്ചത്. വായ്പ എടുത്തതനുസരിച്ച് ഒരു വർഷം ആയിട്ടില്ല.
ടി.ജി സന്ദീപ് കുമാർ
മാള സ്വദേശി