ചാവക്കാട്: രണ്ടാം ഭര്‍ത്താവിന്റെ ക്രൂരമായ പീഡനം കാരണമാണ് അമ്മയും മകളും ചേറ്റുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് മരിച്ച രജനിയുടെ അമ്മ ഭാര്‍ഗവി കുന്നംകുളം എ.സി.പി ടി.എസ് സിനോജിന് പരാതി നല്‍കി. രണ്ടാനച്ഛന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് രജനിയുടെ മകള്‍ ശ്രീഭദ്ര കൂട്ടുകാരികളോട് പറഞ്ഞിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഉപദ്രവം കാരണമാണ് മൂത്തമകള്‍ സുവര്‍ണ്ണ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിവാഹിതയായത്. ഇതിനിടെ ഭാര്‍ഗവി മകള്‍ക്ക് വാങ്ങി കൊടുത്ത ഒന്നര ലക്ഷം രൂപയോളം വരുന്ന വീട്ടു സാധനങ്ങളുമായി രണ്ടാം ഭര്‍ത്താവ് വര്‍ക്കല സ്വദേശി പ്ലാവില വീട്ടില്‍ സുനില്‍ രാജ് കടങ്ങോട് വെള്ളറക്കാട് വാടക വീട്ടില്‍ നിന്നും രക്ഷപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു.
ആദ്യ ഭര്‍ത്താവ് സുരേഷ് ഉപേക്ഷിച്ചതിനെ തുടർന്നാണ് രണ്ടാം ഭര്‍ത്താവ് സുനില്‍രാജിനെ രജനി വിവാഹം കഴിച്ചത്. കഴിഞ്ഞ 12 -നാണ് രജനിയും, മകള്‍ ശ്രീഭദ്രയും ചേറ്റുവ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ചങ്ങരംകുളത്ത് ലോട്ടറി വില്‍പനക്കാരിയായിരുന്നു രജനി. രജനിയുടെ മാതാപിതാക്കള്‍ ആയ ഭാര്‍ഗവിയും, പരേതനായ വേലായുധനും വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വിരമിച്ചവരാണ്.