ചാലക്കുടി: അഴിമതിക്കാരനാകാൻ ഇഷ്ടമില്ലാതെ കാർ വേണ്ടെന്നു വച്ച എം.എൽ.എയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ കെ.ജെ. ജോർജ്ജ്. സത്യസന്ധമായ പൊതു ജീവതത്തെക്കുറിച്ച് അദ്ദേഹം സ്വകാര്യ സംഭാഷണത്തിൽ സുഹൃത്തുമായി പങ്കുവച്ച സംഭാഷണം പിന്നീട് പത്രത്തിലൂടെയാണ് വലിയ വാർത്തായായി പുറത്തുവന്നത്. 1987ൽ ചാലക്കുടിയിൽ രണ്ടാം വട്ടവും എം.എൽ.എ ആയിരുന്നപ്പോഴാണ് കെ.ജെ. ജോർജ്ജ് പിന്നീട് ഇത്രയും പ്രമാദമാകുമെന്ന് നിനയ്ക്കാതെ ഇക്കാര്യം വെളിപ്പെടുത്തിയത്.
തൃശൂരിലെ തന്റെ സൃഹൃത്തുകൾ ചേർന്ന് ഒരു കാർ വാങ്ങി നൽകാൻ തീരുമാനിച്ചു. വിവരമറിഞ്ഞ താൻ കൈയ്യോടെതന്നെ അതു നിരസിക്കുകയായിരുന്നു. കാർമാത്രം അവർ തരും, ഡ്രൈവറുടെ ശമ്പളം, പെട്രോളിന്റെ ചെലവ് ഇതെല്ലാം തീർക്കണമെങ്കിൽ എം.എൽ.എയുടെ ശമ്പളം തികയാതെ വരും. സ്വന്തം കാറിൽ യാത്ര ചെയ്യണമെങ്കിൽ താൻ ഒരു അഴിമതിക്കാരനാവുകയും വേണം. അതിന് താൽപര്യമില്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പിറ്റേ ദിവസത്തെ പത്രത്തിൽ ഇതു വലിയ വാർത്തായി കണ്ട കെ.ജെ. ജോർജ്ജ് നിറഞ്ഞ ചിരിയോടെയാണ് അതു വായിച്ചത്. അന്നു കേരളകൗമുദിയാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ വാർത്ത പ്രസിദ്ധീകരിച്ചത്. തയ്യാറാക്കിയതും ഇപ്പോഴത്തെ ലേഖകൻ കെ.വി. ജയൻ തന്നെ.
ചായക്കു പകരം പാലുവെള്ളം കഴിച്ച് പൊതു സേവനം നടത്തിയും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനടുത്ത മണീസ് ലോഡ്ജിൽ സ്ഥിരമായി താമസിച്ചുമാണ് ഏറെക്കാലം ജോർജ്ജേട്ടൻ ചാലക്കുടിക്കാരുടെ എം.എൽ.എ ആയിരുന്നത്. ജനതാദളിന്റെ പൊലീസ് സ്റ്റേഷൻ റോഡിലുള്ള പള്ളിപ്പുറം ബിൽഡിംഗിലെ ഓഫീസായിരുന്നു എം.എൽ.എയുടേതും. ഇടുങ്ങിയ ഇവിടുത്തെ മുറിയിൽ ആറടി മൂന്നിഞ്ചുകാരനായ കെ.ജെ. ജോർജ്ജ് കഴിച്ചു കൂട്ടിയതും അക്കാലത്ത് കൗതുകക്കാഴ്ചയായിരുന്നു.
കെ.ജെ. ജോർജ്ജിനെതിരെ ചാലക്കുടിയിലെ ഒരു മുൻ എം.എൽ.എ ആദ്യമായി മത്സരിച്ച് പരാജയപ്പെട്ട വേളയിൽ നടത്തിയ പ്രസംഗവും പിന്നീട് ഏറെക്കാലം മണ്ഡലത്തിൽ ഹാസ്യത്തിന് മേമ്പൊടിയായി. നേരത്തെ താൻ ജയിച്ചത് തന്റെ കൂടെയുള്ള പ്രമുഖ പാർട്ടിയുടെ പ്രവർത്തകർ കള്ളവോട്ട് ചെയ്തും വോട്ടണ്ണലിൽ കൃത്രിമം കാണിച്ചും, ഇക്കുറി അവരെ സൂക്ഷിക്കണം. ഈ മുൻ എം.എൽ.എ പൊതു വേദിയിൽ പ്രസംഗിച്ചത് പക്ഷേ വോട്ടർമാർ മുഖവിലക്കെടുത്തില്ല. തെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയെ തോൽപ്പിച്ച് കെ.ജെ. ജോർജ്ജ് ചാലക്കുടിയുടെ എം.എൽ.എയായി മാറുകയായിരുന്നു.