കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഇന്ന് മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ഭരണി മഹോത്സവത്തിന്റെ അവിഭാജ്യ ഘടകങ്ങളായ കോമരങ്ങളും ഭക്തരും കൂടുതലായി എത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അതീവ ഗുരുതരമായ സാഹചര്യമുണ്ടാക്കുമെന്നത് കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കോമരങ്ങളും ഭക്തരും കൂടുതലായെത്തുന്നത് കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാസർകോട്, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്നാണെന്നതിനാൽ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ ഇത്രയും ആളുകളെ ഉൾകൊള്ളിച്ച് ഭരണി മഹോത്സവം നടത്തുന്നത് അപകടകരമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള കോഴിക്കല്ല് മൂടൽ ചടങ്ങിന് എല്ലാ നിയന്ത്രണങ്ങളെയും മറി കടന്ന് ആയിരത്തിലേറെ പേർ പങ്കെടുത്തിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. എന്നാൽ ക്ഷേത്ര ചടങ്ങുകൾ അത്യാവശ്യം ബന്ധപ്പെട്ട ആളുകളെ മാത്രം ഉൾപ്പെടുത്തി മുടക്കമില്ലാതെ നടത്തണമെന്ന് യോഗം നിർദ്ദേശം നൽകി. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ, നഗരസഭാ വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ, കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ എ.ബി. മോഹനൻ, മുനിസിപ്പൽ സെക്രട്ടറി സുജിത്ത്, പൊലീസ് മേധാവികൾ തുടങ്ങിയവർ സംസാരിച്ചു.