ചാലക്കുടി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കർശന നടപടികളുമായി ചാലക്കുടി നഗരസഭയുടെ ആരോഗ്യ വകുപ്പും. പതിനഞ്ചിന് താഴെയും 65 വയസിനും മുകളിലുള്ളവരുമായ ആരും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടിനു പുറത്തിറങ്ങരുതെന്നാണ് നഗരസഭയുടെ നിർദ്ദേശം. ശനിയാഴ്ച ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആരോഗ്യ, പൊലീസ് വിഭാഗങ്ങളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമെത്തുന്നവർ വിവരം അറിയിച്ചില്ലെങ്കിൽ ശിക്ഷാ നടപടിക്ക് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. ഇക്കാര്യം രാത്രിയിൽ തന്നെ മൈക്കിലൂടെ പൊതു ജനങ്ങളെ അറിയിച്ചു തുടങ്ങിയെന്ന് വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ പറഞ്ഞു.