എരുമപ്പെട്ടി: കനിവ് 108 ആംബുലൻസ് സർവീസിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. സർക്കാരിന്റെ സമഗ്ര ട്രോമാ കെയർ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് കനിവ് 108ന്റെ 315 ആംബുലൻസ് സർവീസ് നടത്തുന്നത്. രണ്ട് മാസമായി ജീവനക്കാർക്ക് ശമ്പളം മുടങ്ങിക്കിടക്കുകയാണ്. ഇതിന് മുമ്പ് രണ്ടോ മൂന്നോ മാസങ്ങൾ ഇടവിട്ടാണ് ശമ്പളം നൽകിയിരുന്നത്.

തെലങ്കാന ആസ്ഥാനമായുള്ള ജെ.വി.കെ, ഇ.എം.ആർ.ഐ എന്ന സ്വകാര്യ കമ്പനിയാണ് 108 ആബുലൻസിന്റെ നടത്തിപ്പിനായി സർക്കാരിൽ നിന്നും കരാർ എടുത്തിരിക്കുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്താണ് കമ്പനിയുടെ ഹെഡ് ഓഫീസ്. സർക്കാർ കമ്പനിക്ക് ഫണ്ട് നൽകും. കമ്പനിയാണ് ജീവനക്കാരെ നിയമിക്കുന്നതും ശമ്പളം നൽകുന്നതും. ഡ്രൈവർക്ക് 16,600 രൂപയും, നഴ്‌സിന് 21, 700 രൂപയുമാണ് മാസ വേതനം.ശമ്പളം മുടങ്ങുന്നതിന് പുറമെ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

32 ആംബുലൻസ് തൃശൂർ ജില്ലയിലുണ്ട്. കൊവിഡ് 19 ന് വേണ്ടി സേവനം ചെയ്യുന്ന സാഹചര്യമായതിനാൽ സമര നടപടികളിലേക്ക് കടക്കുന്നില്ലെന്നും ശമ്പളം കൃത്യമായി ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.