തൃശൂർ : പ്രധാനമന്ത്രി അഹ്വാനം ചെയ്ത ജനതാ കർഫ്യുവിനും കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ നിർദ്ദേശങ്ങളോടും പൂർണ്ണമായും സഹകരിച്ച എല്ലാ വിഭാഗം ജനങ്ങളോടും മന്ത്രി എ.സി മൊയ്തീൻ നന്ദി പ്രകടിപ്പിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ പരമാവധി സമ്പർക്കം കുറച്ച് ജനം കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രി എന്ന നിലയിൽ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു. കടകളിലേക്കും മറ്റും ഒരു വീട്ടിൽ നിന്ന് ഒന്നും രണ്ടും പേർ സാധനം വാങ്ങാൻ പോകുന്നത് ഒഴിവാക്കണം. കർഫ്യൂ ദിനത്തിൽ അപ്പോളോ കമ്പനി പ്രവർത്തിപ്പിച്ചതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും.

ഇന്നലെ മന്ത്രി ജനതാ കർഫ്യൂവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെക്കുംകരയിലെ പനങ്ങാട്ടുകരയിലെ വീട്ടിൽ മുഴുവൻ സമയം ചെലവഴിച്ചു. വീട്ടുകാരോടൊപ്പം വീടും പരിസരവും വൃത്തിയാക്കി.


തൃശൂർ : പ്രതിരോധ പ്രവർത്തനങ്ങളിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി.എസ് സുനിൽ കുമാർ ഇന്നലെ രാവിലെ മുതൽ തന്നെ വീട്ടിലിരുന്ന് മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. എറണാകുളം ജില്ലാ കളക്ടറുമായും ആരോഗ്യ പ്രവർത്തകരുമായും ആശയ വിനിമയം നടത്തി.

അതോടൊപ്പം അന്തിക്കാടെ തന്റെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ഇക്കാര്യത്തിൽ ഒരു ദിവസം പോരാ എന്ന അഭിപ്രായക്കാരനാണ് താനെന്നും മന്ത്രി പ്രതികരിച്ചു. വരും ദിവസങ്ങളിൽ പൊതുജന സമ്പർക്കം പരമാവധി ഒഴിവാക്കി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.