തൃശൂർ: ജനത കർഫ്യൂ പ്രഖ്യാപിച്ച ഇന്നലെ തുറന്ന് പ്രവർത്തിച്ച കൊടകര അപ്പോളോ ടയേഴ്സിൻ്റെ പ്രവർത്തനം ജില്ലാ കളക്ടർ ഇടപെട്ട് നിറുത്തിവെയ്പ്പിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം മുഴുവൻ സ്ഥാപനങ്ങളും പ്രവർത്തനം നിറുത്തിവച്ച സാഹചര്യത്തിലാണ് സ്വകാര്യ കമ്പനിയുടെ നിരുത്തരവാദപരമായ സമീപനം.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് തങ്ങളെ ജോലിക്ക് നിയോഗിക്കുന്നതെന്ന് ജീവനക്കാർ കളക്ടറോട് പരാതിപ്പെട്ടു. 400 ഓളം പേരാണ് കമ്പനിയിൽ പ്രവേശിച്ചിരുന്നത്. രാജ്യമെങ്ങും കൊറോണ പ്രധിരോധ നടപടികൾ സജീവമായി തുടരുമ്പോഴും ജീവനക്കാർക്ക് മാസ്‌കോ സാനിറ്റൈസറോ നൽകിയില്ലെന്നും ജീവനക്കാർ കളക്ടറോട് പരാതി ഉന്നയിച്ചു.
കമ്പനി തുറന്നു പ്രവർത്തിച്ചതിന്റെ കാരണം കാണിച്ച് മാനേജ്മെന്റിനോട് വിശദീകരണം നൽകാൻ കളക്ടർ ആവശ്യപ്പെട്ടു. അതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.