തൃശൂർ : കൊറോണയ്ക്ക് പ്രതിരോധ കവചവുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ നാടേറ്റെടുത്തു. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയായിരുന്നു ആഹ്വാനമെങ്കിലും തുടർന്നും ആരും പുറത്തിറങ്ങരുതെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശവും ജനം പാലിച്ചു. വീടും പരിസരവും ശുചീകരിക്കുകയെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനവും ജനം ഏറ്റെടുത്തു.
മന്ത്രിമാർ, എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എല്ലാം പൂർണ്ണമായി വീടുകളിൽ കഴിച്ചു കൂട്ടി. മന്ത്രിമാർ ഫോണിലൂടെ ജില്ലാ കളക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർദ്ദേശം നൽകി. അടിയന്തര ആവശ്യമുള്ളവരല്ലാത്ത ആരും തന്നെ പുറത്തിറങ്ങിയില്ല. രാഷ്ട്രീയമില്ലാതെ നാട് ഇതാദ്യമായി ഒരു ദൗത്യം ഏറ്റെടുത്തു.
ആപൂർവ്വം ചില സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി, ലോറികൾ തുടങ്ങി എല്ലാ വാഹനങ്ങളും ഇന്നലെ ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊടുങ്ങല്ലൂരിൽ ജനതാ കർഫ്യൂവിനൊപ്പം താലൂക്കിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ കൂടിയായതോടെ മേഖല വിജനമായി. ഗുരുവായൂരും, കൊടുങ്ങല്ലൂരും, വടക്കുന്നാഥനും, തൃപ്രയാറും, കൂടൽമാണിക്യവും, പാറമേക്കാവും, തിരുവമ്പാടിയുമുൾപ്പെടെ ക്ഷേത്രങ്ങൾ നേരത്തെ അടച്ചു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും സ്വകാര്യ ക്ഷേത്രങ്ങളും ഇന്നലെ രാവിലെ ഏഴോടെ ചടങ്ങുകൾ പൂർത്തിയാക്കി അടച്ചു. ക്രൈസ്തവ വിശ്വാസികൾ വീടുകളിൽ കുർബ്ബാന അർപ്പിച്ചു. ക്രൈസ്തവ വിശ്വാസികൾ ഓൺലൈനിൽ കുർബ്ബാന അർപ്പിച്ചു. നോമ്പ് കാലത്ത് ആദ്യമായാണ് പള്ളികളിൽ പോയി കുർബ്ബാന അർപ്പിക്കാൻ സാധിക്കാതെ വീടുകളിൽ പ്രാർത്ഥന നടത്തിയത്. കെ.സി.ബി.സിയും അതിരൂപതയും പള്ളികളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പള്ളിയിൽ ദിവ്യബലി അർപ്പിക്കാൻ കഴിയാത്ത വിഷമമൊഴിവാക്കാൻ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ നിന്നും ദിവ്യകാരുണ്യം ഇടവകാംഗങ്ങളുടെ വീടിനു മുന്നിലെത്തിച്ചു.
ശൂചീകരണത്തിൽ മുഴുകി നാട്
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളെല്ലാം ഇന്നലെ ഉദ്യോഗസ്ഥർ ശുചീകരിച്ചു. കെ.എസ്.ആർ.ടി.സിയിൽ രാവിലെ ജീവനക്കാർ ശുചീകരണം നടത്തി. വൈകീട്ട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിലായിരുന്നു രണ്ടിടത്തും വീണ്ടും ശുചീകരണം നടന്നത്. അഗ്‌നിരക്ഷാ സേനയുടെ സഹായവും ഉണ്ടായി.
കൈയടിച്ചും ശബ്ദമുണ്ടാക്കിയും അഭിവാദ്യം
ജനതാ കർഫ്യൂവിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് അഞ്ചിന് ജനങ്ങൾ കൈയടിച്ചും ശബ്ദമുണ്ടാക്കിയും ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു. കുടുംബസമേതം വീടുകൾക്ക് മുന്നിലും ടെറസിന് മുകളിൽ കേറി നിന്നുമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കിയത്. ചിലർ പാത്രങ്ങൾ തമ്മിൽ അടിച്ചും വാദ്യങ്ങൾ മുഴക്കിയും പങ്കാളിയായി. തദ്ദേശ സ്ഥാപനങ്ങൾ സൈറൺ മുഴക്കിയും ജനതാ കർഫ്യൂവിന്റെ ഭാഗമായി.