തൃശൂർ: വികസന പ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായി കോർപറേഷൻ ബഡ്ജറ്റ്. ഓരോ ഡിവിഷനിലും ഒരു കോടി രൂപ മുടക്കിൽ മെക്കാഡം റോഡുകൾ നിർമിക്കുമെന്നത് ഉൾപ്പെടെ 777,84,47,222 കോടി രൂപ വരവും 740,02,63,325 കോടി രൂപ ചെലവും 37,81,83,897 കോടി രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ റാഫി ജോസ് അവതരിപ്പിച്ചു.
53.4 കോടി രൂപ ചെലവിട്ട് 2.5 എം.എൽ.ഡിയുടെ സിവറേജ് പ്ലാന്റ് കൊക്കാലെയിലും രാമവർമപുരത്തും സ്ഥാപിക്കും. കെട്ടിട നികുതി, തൊഴിൽനികുതി ഉൾപ്പെടെ മുഴുവൻ സേവനവും ഓൺലൈനാക്കും. വിൽവട്ടത്തും ഒളരിയിലും ബഡ്‌സ് സെന്ററുകൾക്ക് ഒരു കോടി നീക്കിവച്ചു.
നഗരത്തിൽ അംഗീകൃത ഓട്ടോ പാർക്കിംഗ് കേന്ദ്രങ്ങൾ നിശ്ചയിക്കാൻ അഞ്ചു ലക്ഷം രൂപ വകയിരുത്തി. 80,000 വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനായി അഞ്ചു കോടി രൂപ വകയിരുത്തി. ഫുട്‌ബാൾ അക്കാഡമിയും മേയേഴ്‌സ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും ഉണ്ട്.
എം.ജി റോഡ് വികസനത്തിന് 10 കോടി രൂപ മാറ്റി വച്ചു. കോർപറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിളുകൾ നൽകും. ജനറൽ ആശുപത്രിയിൽ ഡയാലിസിസിന് പുതിയ യൂണിറ്റ് തുടങ്ങും. എല്ലാ തെുരുവു വിളക്കുകളും എൽ.ഇ.ഡിയാക്കും. എല്ലാ വീടുകളിലേക്കും കുടിവെള്ള കണക്‌ഷനുകൾ നൽകുമെന്നും കുടിവെള്ളം 25000 ലിറ്ററിന് പ്രതിമാസം 23 രൂപയ്ക്ക് നൽകുമെന്നും ബഡ്ജറ്റ് വ്യക്തമാക്കി. മേയർ അജിത ജയരാജൻ ആമുഖ പ്രസംഗം നടത്തി. ബഡ്ജറ്റ് ചർച്ച ഇന്ന് നടക്കും.

മറ്റു പ്രധാന പദ്ധതികൾ

* കുടിവെള്ള വിതരണത്തിന് 101 കോടി
* നായ്ക്കനാൽ ജംഗ്ഷനിലും കുരിയച്ചിറ സെന്ററിലും അടിപ്പാത
* പശ്ചാത്തല മേഖലയ്ക്ക് 300 കോടി
* ദിവാൻജി മൂല മേൽപ്പാലത്തിന് മൂന്നു കോടി
* വടക്കെ ബസ് സ്റ്റാൻഡിന് 1.5 കോടി
* പുഴയ്ക്കലിലും ഒല്ലൂക്കരയിലും ബസ് സ്റ്റാൻഡുകൾ. ഇതിനു മൂന്നു കോടി
* ശക്തനിലെ സ്‌കൈ വാക്കിന് മൂന്നു കോടി
* വടക്കെ സ്റ്റാൻഡിൽ ഫുട് ഓവർ ബ്രിഡ്ജിന് 50 ലക്ഷം
* റോഡ്, ജംഗ്ഷൻ വികസനത്തിന് 100 കോടി
* 31 ജംഗ്ഷനുകളിൽ ടൈൽ വിരിക്കും.
* നായ്ക്കനാൽ ജംഗ്ഷനിൽ സബ് വേ അഞ്ചു കോടി
* കുരിയച്ചിറ സെന്ററിൽ അടിപ്പാത അഞ്ചു കോടി
* ടാഗോർ സെന്റിനറി ഹാളിന് 30 കോടി
* ശക്തൻനഗറിൽ പുതിയ കോർപറേഷൻ ഓഫീസ് കെട്ടിടം30 കോടി
* ലാലൂരിൽ ഐ.എം. വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് 50 കോടി
* നെഹ്‌റു പാർക്കിൽ ആധുനിക മ്യൂസിക് ഫൗണ്ടൻ 50 ലക്ഷം
* ആധുനിക രീതിയിൽ 300 ബസ് സ്റ്റോപ്പുകൾപാട്ടും കുടിവെള്ളവും
* ആധുനികരീതിയിൽ 25 ശൗചാലയങ്ങൾ
* 10 വിശപ്പുരഹിത കേന്ദ്രങ്ങൾ