എരുമപ്പെട്ടി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടങ്ങോട് പഞ്ചായത്ത് പ്രദേശത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന പ്രവാസികളായ 185 പേരിൽ 60 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. നിലവിലുള്ള ആർക്കും വൈറസ് ബാധയും ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. നിരീക്ഷണത്തിലിരിക്കുന്നവർ കുടുംബത്തിന്റെയും പൊതു സമൂഹത്തിന്റേയും സുരക്ഷ കണക്കിലെടുത്ത് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് ആരോഗ്യവകുപ്പും പൊലീസും അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി പഞ്ചായത്ത് പ്രദേശത്തെ ആരധനാലയങ്ങളിൽ ആൾക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നും പഞ്ചായത്ത് അധികാരികൾ ആവശ്യപ്പെട്ടു.