എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികളുടെ പമ്പിംഗ് സമയം കുറക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കിരാലൂർ, പഴവൂർ, കാഞ്ഞിരാൽ, വെള്ളാറ്റഞ്ഞൂർ, വേലൂർ എന്നിവിടങ്ങളിൽ ജല അതോറിറ്റിക്ക് കീഴിലുള്ള കുടിവെള്ള പദ്ധതിക്കെതിരെയാണ് നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്.
പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ്ണ പിന്തുണയും നാട്ടുകാർക്കുണ്ട്. വേനൽക്കാലങ്ങളിൽ എട്ട് മണിക്കൂർ വെള്ളം പമ്പിംഗ് നടത്തിയിരുന്നത് നാല് മണിക്കൂറാക്കി ചുരുക്കാനാണ് ഓപറേറ്റർമാർക്ക് അധികൃതർ നിർദ്ദേശം നൽകിയത്. ഇതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാതെയായി.
ഓപ്പറേറ്റർമാർ നിസഹായവസ്ഥ ബോദ്ധ്യപ്പെടുത്തിയപ്പോൾ പഞ്ചായത്ത് ഭരണസമിതിയെ നാട്ടുകാർ വിവരം അറിയിച്ചു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജല അതോറിറ്റി അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉടൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.