ചാവക്കാട്: ചേറ്റുവ പുഴയിൽ മത്സ്യബന്ധനം നടത്തുന്നവരുടെ വലയിൽ കുടുങ്ങുന്നത് മുള്ളൻ ശംഖ്. നൂറുകണക്കിന് തൊഴിലാളികളാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. ഞണ്ടുകളെ പിടിക്കാനുള്ള വലയിലാണ് വ്യാപകമായി മുള്ളൻ ശംഖുകൾ പെടുന്നത്. ഞണ്ടോ, മീനോ കിട്ടിയില്ലെന്ന നിരാശ മാത്രമല്ല ഇത് തൊഴിലാളികൾക്ക് നൽകുന്നത്.

വലയിൽ നിന്നും ഇവയെ നീക്കി വീണ്ടും വലയിടാൻ മണിക്കൂറുകളോ ചിലപ്പോൾ ദിവസങ്ങളോ എടുക്കും. പലരും ഇതു കാരണം താത്കാലികമായി മീൻ പിടുത്തം നിറുത്തിയിരിക്കുകയാണ്. ഞണ്ടിനെ പിടിക്കുന്നവരുടെ വലയിൽ മുള്ളൻശംഖുകളാണ് കിട്ടുന്നതെങ്കിൽ മീൻ പിടിക്കാൻ വലയിടുന്നവരുടെ വല നിറയെ തീച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി ഫിഷാണ് കുടുങ്ങുന്നത്.

ഇതോടെ പുഴയിൽ നിന്ന് മീനുമില്ല, ഞണ്ടുമില്ല എന്ന ഗതികേടിലാണ് തൊഴിലാളികൾ. കടലിൽ മീൻ പിടുത്തം കഴിഞ്ഞ് ഹാർബറുകളിൽ എത്തുന്ന ബോട്ടുകാർ ഉപേക്ഷിക്കുന്ന മുള്ളൻ ശംഖുകളാണ് പുഴയിൽ എത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. മഴക്കാലത്ത് കിഴക്കൻമേഖലയിൽ നിന്ന് ശുദ്ധജലം എത്തുന്നത് വരെ മുള്ളൻശംഖുകൾ പുഴയിൽ നിന്ന് നീങ്ങില്ലെന്നാണ് ഇവരുടെ വാദം.