cellotape-company
സെല്ലോടേപ്പ് കമ്പനിയിൽ ആരോഗ്യവകുപ്പും പൊലീസും പരിശോധന നടത്തുന്നു

എരുമപ്പെട്ടി: കോവിഡ് പ്രതിരോധിക്കുന്നതിനായി ഇതര സംസ്ഥാനക്കാർ തൊഴിൽ ചെയ്യുന്ന എരുമപ്പെട്ടി ആറ്റത്രയിലെ സെല്ലോ ടേപ്പ് നിർമ്മാണ കമ്പനിയിൽ ആരോഗ്യ വകുപ്പും പൊലീസും പരിശോധന നടത്തി. 25ൽ അധികം തൊഴിലാളികളാണ് സ്ഥാപനത്തിൽ ജോലിചെയ്യുന്നത്. ഇവർ പുറത്തിറങ്ങി നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പരിശോധന.

അഞ്ച് പേർ ചികിത്സ തേടി മെഡിക്കൽ കോളേജിലേക്ക് പോയതായും വിവരം ലഭിച്ചു. അസുഖം ബാധിച്ചാൽ ആരോഗ്യ വകുപ്പിൽ വിവരം നൽകണമെന്ന നിർദേശം പാലിച്ചിട്ടില്ല. ഭൂരിഭാഗം തൊഴിലാളികൾക്കും ആരോഗ്യ കാർഡും, തൊഴിൽ കാർഡും ഇല്ലെന്നാണ് അറിവ്.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ചുമാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്.

പഞ്ചായത്ത് അധികൃതർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഹെൽത്ത് സൂപ്പർവൈസർ പി.കെ. സതീശൻ, ഇൻസ്‌പെക്ടർ കെ. സുധി, എരുമപ്പെട്ടി എ.എസ്.ഐ: ബാലകൃഷ്ണൻ, പൊലീസ് ഓഫീസർമാരായ അഭിലാഷ് വാസുദേവൻ, ആർ.എം. റഷീദ് ഷാ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.