കയ്പമംഗലം: ക്വാറന്റൈനിൽ താമസിക്കുന്നവരും അവരോടൊപ്പം താമസിക്കുന്നവരും വീടിന് പുറത്തിറങ്ങരുതെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന ഉന്നതതലയോഗം നിർദ്ദേശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം.

കയ്പമംഗലം നിയോജക മണ്ഡലത്തിൽ ക്വാറന്റൈനിലുള്ളത് 1,201 പേരാണ്. ഇതിൽ 1,001 പേർ വിദേശ രാജ്യത്തു നിന്നു വന്നവരും, 200 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് അധികാരികളെ ചുമതലപ്പെടുത്തി.

ക്വാറന്റെയിനിൽ ഉള്ള വീട്ടുകാർക്ക് ആവശ്യമുള്ള സഹായം പഞ്ചായത്ത് കമ്മിറ്റി മുഖേന പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള വാർഡ് തല ജാഗ്രതാ സമിതികൾ ചെയ്തു കൊടുക്കും. പൊതുജനങ്ങൾ അത്യാവശ്യത്തിനു മാത്രമേ വീട്ടിൽ നിന്നും പുറത്തിറങ്ങാവൂ. പ്രായമായവരും കുട്ടികളും ഒരു കാരണവശാലും വീടിനു പുറത്തിറങ്ങരുത്. പുതിയ ക്വാറന്റൈൻ കേന്ദ്രം കണ്ടെത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ബ്രേക്ക് ദ ചെയിൻ കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും തീരുമാനിച്ചു. ജീവിത ശൈലീ രോഗങ്ങളുടെ മരുന്നുകഴിക്കുന്ന വ്യക്തികൾക്ക് ആശാ വർക്കർമാർ മുഖേന മരുന്ന് വീടുകളിൽ എത്തിക്കുവാനും തീരുമാനിച്ചു.

ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ബി.ഡി.ഒ വിനീത സോമൻ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. സാനു എം പരമേശ്വരൻ, ഹെൽത്ത് സൂപ്പർവൈസർമാർ, പൊലീസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു...