തൃശൂർ: വിശ്രമമില്ലാതെ പ്രവർത്തനങ്ങളിലാണ് തളിക്കുളത്തെ ആരോഗ്യ പ്രവർത്തകർ. ജനങ്ങളിൽ കൊറോണ ആശങ്ക വർദ്ധിക്കുന്ന സമയത്ത് ഡ്യൂട്ടി സമയം നോക്കാതെ ബോധവത്കരണ പ്രവർത്തനത്തിലാണവർ.
ഇതര സംസ്ഥാന തൊഴിലാളികൾ നേരത്തെ ജോലിക്ക് പോകുമെന്നിരിക്കേ അവർ താമസ സ്ഥലങ്ങളിൽ തിരിച്ചെത്തുന്ന വൈകുന്നേരങ്ങളിൽ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറും ആരോഗ്യ പ്രവർത്തകരും ജാഗ്രതാ സന്ദേശവുമായി എത്തുകയാണ്. പകൽ സമയങ്ങളിൽ ഹോം ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുകയും വിവരങ്ങൾ അറിയുകയും പുതുതായി ക്വാറന്റൈനിലാക്കേണ്ടവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് പുറമേയാണിത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിച്ച് അവരെ വിളിച്ചിരുത്തി ബോധവത്കരണ ക്ലാസും നൽകുന്നുണ്ട്. പുതുതായി വരുന്നവർ 14 ദിവസം ക്വാറന്റൈനിൽ തുടരണമെന്ന് നിർദ്ദേശമുള്ളതിനാൽ ഇക്കാര്യങ്ങളെക്കുറിച്ചും വ്യക്തി ശുചിത്വത്തെക്കുറിച്ചും ആരോഗ്യപ്രവർത്തകർ ബോധവത്കരണം നൽകുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ഹനീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എ ജിതിൻ, പി.എം വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി..