തൃശൂർ: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള സമഗ്ര പരിപാടി ജില്ലാ ഭരണകൂടം തയ്യാറാക്കി. സ്ഥിതിഗതികൾ നിരീക്ഷിച്ച് ഓരോ ഘട്ടത്തിനും വെവ്വേറെ പ്ലാൻ തയ്യാറാക്കിയാണ് പ്രതിരോധം. പ്ലാൻ എ അനുസരിച്ച് ജില്ലയിലെ മികച്ച സർക്കാർ സ്വകാര്യ ആശുപത്രികളിൽ 200 ഓളം ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചു.
ഇന്റൻസീവ് കെയർ യൂണിറ്റ്, ശസ്ത്രക്രിയാ സൗകര്യം, വെന്റിലേറ്റർ ഉൾപ്പെടെയുളള ജീവൻ രക്ഷാ ഉപകരണങ്ങൾ തുടങ്ങി എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളുമുള്ള ഐസൊലേഷൻ വാർഡുകളാണ് പ്ലാനിൽ ഉണ്ടാവുക. മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും ജൂബിലി, അമല തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമാണ് പ്ലാൻ എ പ്രകാരമുള്ള ഐസൊലേഷൻ വാർഡ് തയ്യാറാക്കിയിട്ടുള്ളത്.
പ്ളാൻ ബി
രോഗവ്യാപനത്തിന്റെ അടുത്ത ഘട്ടമുണ്ടായാൽ കിടത്തി ചികിത്സ നൽകുന്നതിനായി താലൂക്ക് ആശുപത്രികൾ, സ്വകാര്യ സഹകരണ ആശുപത്രികൾ എന്നിവിടങ്ങളിലെ സൗകര്യം ഉപയോഗിച്ചാണ് പ്ലാൻ ബി പ്രകാരമുള്ള ഐസൊലേഷൻ വാർഡ് ഒരുക്കുന്നത്. ഇവിടെയും ഇന്റൻസീവ് കെയർ യൂണിറ്റ് ഉൾപ്പെടെയുളള സവിശേഷ ചികിത്സാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്ലാൻ സി
ആയുഷ്, ഹോമിയോ ആശുപത്രികൾ, ഇ.എസ്.ഐ ഡിസ്‌പെൻസറികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നഴ്‌സിംഗ് ഹോമുകൾ എന്നിവിടങ്ങളിലായി ഐസൊലേഷൻ ബെഡ് ഒരുക്കും. സമൂഹവ്യാപനമുണ്ടായാൽ ഉപയോഗപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സജ്ജീകരണം.അടിസ്ഥാന ചികിത്സാ സൗകര്യം എല്ലാം ഉറപ്പുവരുത്തിയാകും ഈ സൗകര്യം ഏർപ്പെടുത്തുക.
15,000 ബെഡുകൾ ഒരുക്കും
നാലാമതായി സമൂഹവ്യാപനത്തിന്റെ ഭാഗമായി കൂടുതൽ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ നേരിടുന്നതിനായി കരുണ കെയർ സെന്ററുകൾ ഒരുക്കുന്ന പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. റസ്റ്റ് ഹൗസുകൾ, ആഡിറ്റോറിയങ്ങൾ, ഹോസ്റ്റലുകൾ, ആശുപത്രികളോട് അനുബന്ധിച്ചുളള താമസ സൗകര്യങ്ങൾ, സ്‌കൂളുകൾ, കില ഉൾപ്പെടെയുളള പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി 15,000 ഓളം ബെഡുകൾ ഒരുക്കും. ഇതിൽ 3000 ൽ പരം ബെഡുകൾ കണ്ടെത്തിക്കഴിഞ്ഞു. രോഗലക്ഷണങ്ങളില്ലാത്തതും എന്നാൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായ ആളുകളെ താമസിപ്പിക്കുന്നതിനായാണിത്. നാല് ഘട്ടങ്ങളിലായി തിരിച്ചുള്ള പ്രതിരോധ സൗകര്യം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.