കാഞ്ഞാണി: പാലാഴി ഗോതമ്പുപാലം അപകടാവസ്ഥയിലാണെന്ന് പരിശോധനാ റിപ്പോർട്ട്. കഴിഞ്ഞദിവസം പാലം അപകടത്തിലാണെന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. അടിവശം സിമന്റ്പ്ലാസ്റ്റർ അടർന്ന് കമ്പികൾ തുരുമ്പെടുത്തും ഭിത്തികൾ തകർന്നും ഉള്ളതിനാൽ അപകടസാധ്യത ഏറെയാണെന്നുള്ള വാർത്ത മണലൂർ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ ബലക്ഷയം കണ്ടെത്തിയത്.
അസി എൻജിനിയർ ഇക്ബാൽ, ഓവർസീയർ അജിത എന്നിവരാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. വാർഡ് മെമ്പർ എം.കെ. സദാനന്ദനും സ്ഥലത്തെത്തിയിരുന്നു. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും താൽക്കാലികമായി കമ്പികളിലെ തുരുമ്പ് കളഞ്ഞ് സിമന്റ്പ്ലാസ്റ്റർ ചെയ്താലും വീണ്ടും അടർന്നു വീണ് കാലക്രമേണ അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നും കണ്ടെത്തി. അടിയന്തരമായി പാലം പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കേണ്ടതാണെന്നും അതുവരെ പാലത്തിന്റെ അപകടാവസ്ഥ നിരീക്ഷിച്ച് കൊണ്ടിരിക്കണമെന്നും റപ്പോർട്ടിൽ പറയുന്നുണ്ട്.
........................
പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പൊളിച്ച് പണിയണമെന്നാണ് എൻജിനിയർ പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. പാലം പൊളിച്ച് പണിയുന്നതിന് എസ്റ്റിമേറ്റ് എടുത്ത് എം.എൽ.എയ്ക്ക് നൽകിയിട്ടുണ്ട്. അടുത്ത ഫണ്ടിൽ പരിഗണിക്കും.
- എം.കെ. സദാനന്ദൻ (വാർഡ് മെമ്പർ)
മണലൂർ പഞ്ചായത്തിലെ പല പാലങ്ങളും ബലക്ഷയം സംഭവിച്ചതാണ്. പാലത്തിന്റെ മുകളിലൂടെ ടാറിംഗ് ഉള്ളതിനാൽ ബലക്ഷയം തിരിച്ചറിയാതെ പോകുന്നു. അത് വലിയ ദുരന്തങ്ങൾക്ക് വഴിവെയ്ക്കും. അതിനാൽ എല്ലാ പാലങ്ങളും എൻജിനിയേഴ്‌സിനെ കൊണ്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം.
- ശിവരാമൻ കണിയാംപറമ്പിൽ
(ഗ്രാമവികസന സമിതി)