arrest

ചാലക്കുടി: സർക്കാർ ഉത്തരവ് ലംഘിച്ച് പള്ളിയിൽ കുർബാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടപ്പുഴ നിത്യസഹായ മാതാ പള്ളി വികാരി ഫാ. പോൾ പടിയാട്ടിയെയാണ് ചാലക്കുടി സി.ഐ പി.ആർ. ബിജോയും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിമേടയിൽ നിന്നും കസ്റ്റഡിയിലെടുത്ത വൈദികനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ആൾ ജാമ്യത്തിൽ വിട്ടയച്ചു. മഹാമാരി തടയുന്ന നടപടികളിൽ വീഴ്ച വരുത്തിയതിന് ഐ.പി.സി 269, മനുഷ്യ ജീവന് അപകടം വരുത്തുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടതിന് പൊലീസ് ആക്ട് 118 വകുപ്പുകളാണ് വൈദികന്റെ പേരിൽ ചുമത്തിയത്. രാവിലെ 6.30ന് നടന്ന ദിവ്യബലിയിൽ നൂറിലധികം ആളുകൾ പങ്കെടുത്തു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്ക്കും ദിവ്യബലി അവസാനിച്ചു. തുടർന്ന് പരിസരത്ത് നിന്ന് തെളിവ് ശേഖരിച്ച ശേഷം വൈദികന്റെ പേരിൽ നടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞ് നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി മാർട്ടിൻ തുടങ്ങിയവരും പള്ളി കമ്മിറ്റി ഭാരവാഹികളും സ്റ്റേഷനിലെത്തി. കൊറോണ വൈറസിനെ തടയുന്ന ദൗത്യത്തിൽ രൂപതയിലെ എല്ലാ പള്ളികളിലെയും കുർബാനകൾ മെത്രാന്മാർ നേരത്തെ വിലക്കിയിരുന്നു. പ്രസ്തുത നിർദ്ദേശം കൂടിയാണ് വൈദികൻ ലംഘിച്ചത്.