തൃശൂർ : കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കും സ്‌കാനിംഗുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മുൻകൂട്ടി തിയതി നിശ്ചയിച്ച ശസ്ത്രക്രിയകളെല്ലാം മാറ്റി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമായിരിക്കും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെയ്യുക. ശസ്ത്രക്രിയകൾക്ക് പുറമെ മുൻകൂട്ടി തിയതി നൽകിയ എല്ലാ സ്‌കാനിംഗുകളും മാറ്റി. കോവിഡ് 19 വ്യാപനം തടയുന്നതിനായി ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആളുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരാഴ്ചയായി ആശുപത്രിയിൽ സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തി. ശസ്ത്രക്രിയകൾക്ക് മുൻകൂട്ടി തിയതി ലഭിച്ചവർ ബന്ധപ്പെട്ട ഒ.പിയിലെത്തി പുതിയ തിയതി വാങ്ങണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിജു കൃഷ്ണൻ അറിയിച്ചു...