വരന്തരപ്പിള്ളി: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. വിദേശത്തുനിന്നെത്തിയ 137 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യത്തിലായിരുന്നു യോഗം. പ്രസിഡന്റ് ജയശ്രീ കൊച്ചുഗോവിന്ദൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ നിരീക്ഷണം ആവശ്യമായി വന്നാൽ പഞ്ചായത്തിലെ രണ്ട് സ്‌കൂളുകളിലും വേലൂപ്പാടം സെന്റ് ജോസഫ് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ തുടങ്ങാൻ തീരുമാനമായി. നിരീക്ഷണത്തിൽ കഴിയുന്ന 137 പേരുടെ വീടുകളിലും നാളെ മുതൽ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ടെത്തി പരിശോധന നടത്താനും തീരുമാനമായി.

എല്ലാ വീടുകളിലും പ്രതിരോധ പ്രവർത്തന ലഘുലേഖകൾ വിതരണം ചെയ്യും. ഇതിനായി ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവരെ ചുമതലപ്പെടുത്തി. പുതുതായി ആരംഭിക്കുന്ന ഐസൊലേഷൻ വാർഡുകളിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി സഹകരണ ബാങ്കുകൾ,സന്നദ്ധ സംഘടനകൾ എന്നിവരിൽ നിന്ന് സഹായം തേടും.

ഇതിനിടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി.