ചാലക്കുടി: വന്യമൃഗങ്ങളെ തുരത്തുന്നതിന് മണ്ഡലത്തിലേക്ക് വനം വകുപ്പ് അനുവദിച്ച പ്രത്യേക സ്‌ക്വാഡ് പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സംഘം പ്രവർത്തിക്കുക. പരിയാരം റേയ്ഞ്ച് ഓഫീസിന്റെ ആസ്ഥാനമായ ചാലക്കുടി മൊബൈൽ വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന സംഘം പ്രത്യേക വാഹനത്തിൽ വെള്ളിക്കുളങ്ങരയിലെത്തും. തുടർന്ന് ഇവിടെയുള്ള പത്തംഗ സംഘത്തെയും ഉൾപ്പെടുത്തിയാണ് വനത്തിൽ പരിശോധന നടത്തുക. പി.വി.സി പൈപ്പ് കൊണ്ട് തയ്യാറാക്കിയ തോക്ക് പൊട്ടിച്ചും വാഹനത്തിലെ സൈറൺ മുഴക്കിയുമാകും വനത്തിൽ നിന്നുമെത്തുന്ന വന്യമൃഗങ്ങളെ തുരത്തുക.