തൃശൂർ: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ഹോം ഐസൊലേഷനിലും ക്വാറന്റൈനിലുമുളളവർ സുരക്ഷാ മാനദണ്ഡം പാലിക്കാതെ പൊതുജനമദ്ധ്യത്തിൽ വരുന്നത് ശ്രദ്ധിയിൽപ്പെട്ട സാഹചര്യത്തിൽ ഇത്തർക്കാർക്കെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് ശിക്ഷാ നടപടികളെടുക്കാൻ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. ഇതിനായി ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജാഗ്രത സമിതികൾ, നിരീക്ഷണ സമിതികൾ, റാപിഡ് റെസ്‌പോൺസ് ടീം എന്നിവരിൽ നിന്ന് റിപ്പോർട്ട് സ്വീകരിച്ചാവും നടപടികൾ. ഇവയുടെ പ്രവർത്തന മേൽനോട്ടവും ഉദ്യോഗസ്ഥർ നിർവഹിക്കണം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അതത് ബ്ലോക്ക് സെക്രട്ടറിമാർക്കാണ് ചുമതല നൽകിയത്.
കോർപറേഷന്റെ ചുമതല ജില്ലാ പ്ലാനിംഗ് ഓഫീസർക്കാണ്. നഗരസഭ, ചുമതലയുളള ഉദ്യോഗസ്ഥർ യഥാക്രമം. കുന്നംകുളം (ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ എം.ജി.എൻ.ആർ.ഇ.ജി.എസ്), ചാലക്കുടി (ജോയിന്റ് രജിസ്ട്രാർ കോ ഓപറേറ്റീവ് സൊസൈറ്റീസ്, തൃശൂർ), കൊടുങ്ങല്ലൂർ (അസി. ഡവലപ്പ്‌മെന്റ് കമ്മിഷണർ ജനറൽ, തൃശൂർ), ചാവക്കാട് (ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം), ഗുരുവായൂർ (അസി. ഡവലപ്‌മെന്റ് കമ്മിഷണർ പെർഫോമൻസ് ഓഡിറ്റ്), ഇരിങ്ങാലക്കുട (ഡെപ്യൂട്ടി ഡയറക്ടർ, ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്), വടക്കാഞ്ചേരി (പ്രൊജക്ട് ഡയറക്ടർ, ദാരിദ്ര ലഘൂകരണ വിഭാഗം, തൃശൂർ). ഇവർക്കുളള സഹായം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും കോർപറേഷൻ/നഗരസഭാ സെക്രട്ടറിമാരും നൽകണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും പ്രേരിപ്പിക്കുന്നവർക്കതിരെയും ശിക്ഷാനടപടികളുണ്ടാവും.
വ്യാജ വാർത്ത: നിർദ്ദേശലംഘനം; ഇത് വരെ 54 അറസ്റ്റുകൾ
രോഗബാധ സംബന്ധിച്ച വ്യാജ വാർത്തകൾ നൽകിയതിനും സർക്കാർ നിർദ്ദേശം ലംഘിച്ചതിനുമായി ജില്ലയിൽ ഇത് വരെ 54 പേരെ അറസ്റ്റ് ചെയ്തു. സിറ്റി പൊലീസ് ജില്ലയിൽ 41 പേരെയും റൂറൽ പോലീസ് ജില്ലയിൽ 13 പേരെയുമാണ് അറസ്റ്റ് ചെയ്തത്. സിറ്റിയിൽ തിങ്കളാഴ്ച (മാർച്ച് 23) 4 കേസുകളും റൂറലിൽ ഒരു കേസും രജിസ്ട്രർ ചെയ്തു. ഒല്ലൂരിൽ മൂന്നും കുന്നംകുളത്ത് ഒന്നും ചാലക്കുടിയിൽ ഒന്നും കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സുരക്ഷാ ക്രമീകരണം കർശനമാക്കണം : ജില്ലാ കളക്ടർ
മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ അവശ്യ സർവീസ് വിഭാഗത്തിൽപ്പെടുന്ന സേവനം നൽകുന്ന മുഴുവൻ സ്ഥാപനങ്ങളും കർശനമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ബാങ്കുകൾ, സഹകരണ സൊസൈറ്റികൾ, റേഷൻ കടകർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഒരേ സമയം അഞ്ചിലധികം പേരെ പ്രവേശിപ്പിക്കരുത്. ഇതിന് സ്ഥാപനമേധാവി സജ്ജീകരണം ഏർപ്പെടുത്തണം. ഇക്കാര്യങ്ങൾ പാലിക്കപ്പെടുന്നുവെന്ന് നിരീക്ഷിക്കാൻ ജില്ലാ പൊലീസ് മേധാവി, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി...