ഇരിങ്ങാലക്കുട : കോവിഡ് 19 കോറോണ വൈറസ് പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തൃശൂർ കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുടചാലക്കുടി, കൊടകര തുടങ്ങിയ പ്രദേശങ്ങളിലേയ്ക്കുള്ള ബസ് സർവീസുകൾ നിറുത്തി തുടങ്ങി. യാത്രക്കാരില്ലാത്തതിനെ തുടർന്ന് എല്ലാ സർവീസുകളും നഷ്ടത്തിലാണ് ഓടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഇതേ അവസ്ഥയാണ്.

ഇരിങ്ങാലക്കുടയിലെ പത്തോളം ഹോട്ടലുകൾ അടച്ചു. ബാക്കിയുള്ള ഹോട്ടലുകളും അടച്ച് പൂട്ടൽ ഭീഷണിയിലാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും തികയുന്നില്ലെന്ന് ഉടമകൾ പറയുന്നു. ഓട്ടോ തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. യാത്രക്കാരില്ലാത്തതിനാൽ രാവിലെ മുതൽ വൈകീട്ട് വരെ ഓട്ടോ പേട്ടകളിൽ വെറുതെ കിടക്കുകയാണെന്ന് ഇവർ പറയുന്നു. സൂപ്പർമാർക്കറ്റുകളിൽ പൊതുജനങ്ങൾ സാധനങ്ങൾ കരുതി വെയ്ക്കുന്നതിനായുള്ള തിരക്ക് അനുഭവപ്പെടുന്നുണ്ട്.