e-harikumar

തൃശൂർ: വൃത്തത്തിലും താളത്തിലുമുളള നല്ല കഥകളാണ്‌ ഇടശ്ശേരിയുടെ പല കവിതകളുമെങ്കിൽ ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാണിക്കുന്ന കാവ്യമുഖമുളള കണ്ണാടിയാകുന്നു ഇ.ഹരികുമാറിന്റെ കഥകൾ.

സ്ത്രീപക്ഷത്ത് നിന്നും മാറ്റിനിറുത്തപ്പെട്ടവരോടൊപ്പം നിലകൊണ്ടും സാഹിത്യലോകത്ത് വ്യാപരിച്ചവരായിരുന്നു ആ അച്ഛനും മകനും. കവിത ബാക്കിയാക്കി അച്ഛൻ പോയി .നാലര പതിറ്റാണ്ടിനുശേഷം കഥ ശേഷിപ്പിച്ച് മകനും മണ്ണോട് ചേർന്നിരിക്കുന്നു.

’പൂതപ്പാട്ട്’ എന്ന കവിതയിലൂടെ മാതൃത്വത്തിന് എക്കാലവും ഒാർക്കാവുന്ന ഗീതകം രചിച്ചിട്ടുണ്ട് ഇടശ്ശേരി . കർഷകന്റെയും പ്രകൃതിയുടേയും പരിസ്ഥിതിയുടേയും ഒാരം ചേർന്ന് അദ്ദേഹം നടന്നപ്പോൾ, ഹരികുമാർ ജീവിതാനുഭവങ്ങളിൽ പേന മുക്കിയാണ് കഥകളെഴുതിയത്. സ്ത്രീയും പുരുഷനും അച്ഛനും മകനും ഭാര്യയും ഭർത്താവുമെല്ലാം വ്യത്യസ്തമായ കണ്ണാടിക്കൂടുകളിലൂടെ ഹരികുമാറിന്റെ കഥകളിൽ പ്രത്യക്ഷപ്പെട്ടു. ലളിതമായ ആഖ്യാനരീതി, സൂക്ഷ്മനിരീക്ഷണം, ആകാംക്ഷയുളവാക്കുന്ന കഥാഗതി...കഥയുള്ള കഥകളായി കാവ്യശിൽപ്പം പോലെ ആ രചനകൾ ഒരു കാലത്ത് അനുവാചകരുടെ ഉളളിൽ തട്ടി. വൈവിധ്യമുളള പതിനൊന്ന് കഥകളുടെ സമാഹാരമായിരുന്നു 'ദിനോസോറിന്റെ കുട്ടി'. 1988 ൽ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ച ഇൗ പുസ്തകത്തിലെ കഥകൾ വായിച്ച് കഴിഞ്ഞാലും ഉളളിൽ ആഴത്തിൽ സ്പർശിക്കുന്ന എന്തോ ഒന്ന് ശേഷിക്കുന്നതായി അന്ന് വിമർശകർ വാഴ്ത്തി.

കേവലം ഉദ്വേഗവും ഉത്കണ്ഠയും ജനിപ്പിക്കുകയായിരുന്നില്ല, ഓരോ കഥയും അനുവാചകന്റെ അനുഭവമാക്കി മാറ്റുന്ന കരവിരുത് പുറത്തെടുക്കുകയായിരുന്നു ഹരികുമാർ.

അച്ഛനെക്കുറിച്ചുളള വിശദമായ ഒാർമ്മക്കുറിപ്പും അദ്ദേഹം എഴുതിയിട്ടുണ്ട്.

മുപ്പത്തിനാലാം വയസ്സിൽ ജീവിതത്തിൽ ഒരു വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ആ സമയത്ത് ഹരികുമാറിനെ താങ്ങേണ്ടിവരുമെന്നും തന്റെ സഹോദരനോട് അച്ഛൻ പറഞ്ഞിരുന്നതായി അതിലുണ്ട്. അങ്ങനെ ഒരു പ്രതിസന്ധി ശരിക്കും ഉണ്ടാവുകയും ചെയ്തു. ‘ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’ എന്നീ കഥകൾ ഈ അനുഭവങ്ങളെ ആസ്പദമാക്കിയാണ് ഹരികുമാർ എഴുതിയിട്ടുള്ളത്.

അച്ഛന്റെ.ജീവിതം തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു മനുഷ്യജീവിതം എങ്ങിനെയായിരിക്കണം എന്നതിന് ഉദാത്തമായൊരു ദൃഷ്ടാന്തമായി കണ്ടിട്ടുള്ളത് അച്ഛന്റെ ജീവിതമാണ്. ജീവിതവും കവിതയും രണ്ടല്ല ഒന്നുതന്നെയാണെന്നു അടിയുറച്ചു വിശ്വസിച്ച ഒരാൾക്കെ മുഖംമൂടിയില്ലാതെ ജീവിക്കാൻ പറ്റൂ. അങ്ങിനെയൊരു ജീവിതം അച്ഛനെപ്പോലെ തനിക്ക് ഉണ്ടായിരുന്നോ എന്ന് സംശയമാണെന്നും ഹരികുമാർ ആ കുറിപ്പിൽ ഒാർക്കുന്നുണ്ട്.
പരിവേഷങ്ങൾക്കു വേണ്ടിയുളള വാചക കസർത്തുകളും ജാഡകളും ഹരികുമാറിന്റെ എഴുത്തിലുണ്ടായില്ല, ജീവിതത്തിലും.

ഏതാനും വർഷങ്ങളായി തൃശൂരിൽ താമസിക്കുകയായിരുന്നു. പക്ഷേ, സാംസ്കാരികതലസ്ഥാനത്തെ സ്ഥിരം സാഹിത്യവേദികളിൽ നിന്ന് ഒഴിഞ്ഞായിരുന്നുഅപ്പോഴും അദ്ദേഹം കഴിഞ്ഞത്.

ഹരികുമാറിന്റെ കഥകൾ മാനവികതയുടെ കള്ളിയിൽ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അതെ, വലിയൊരച്ഛന്റെ വലിയൊരു മകൻ തന്നെയാണ് പേന താഴെ വെച്ച് നടന്നു നീങ്ങുന്നത്...