തൃശൂർ : കൊറോണ പ്രതിരോധത്തിനായി കർശന നടപടികളുമായി സർക്കാർ മുന്നോട്ട് വന്നിട്ടും കൂസാതെ തെരുവിലിറങ്ങുകയാണ് ഒരു വിഭാഗം. ലോക്ക് ഡൗൺ തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലായിരുന്നു ആദ്യദിനത്തിലെ പലരുടെയും യാത്ര. പലരും നിയന്ത്രണം ആഘോഷമാക്കി മാറ്റി. പൊതു ഗതാഗത സംവിധാനം നിലച്ചതോടെ സ്വകാര്യ വാഹനങ്ങളിലും ബൈക്കുകളിലും പലരും കറങ്ങാനിറങ്ങി.

രാവിലെ മുതൽ പല സ്ഥലങ്ങളിലും സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിറഞ്ഞു. ഇതോടെ പൊലീസിന് രംഗത്തിറങ്ങേണ്ടി വന്നു. നഗരത്തിൽ സിറ്റി പൊലിസ് കമ്മിഷണർ പി. ആദിത്യ, എ.സി.പി വി.കെ രാജു എന്നിവർ നേരിട്ടിറങ്ങി അനാവശ്യ യാത്രക്കാർക്കെതിരെ നടപടിയെടുത്തു. ഇതോടെ ഉച്ചയോട് കൂടി പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു.

നിയന്ത്രണം കൂസാതെ കറക്കം


ഇന്നലെ രാവിലെ നഗരത്തിലിറങ്ങിയവരെ തടഞ്ഞ പൊലീസിനോട് വെറുതെ ഇറങ്ങിയെന്ന് മറുപടി പറഞ്ഞവർ ഏറെയായിരുന്നു. ഇതോടെ പൊലീസ് കർശന നടപടിയിലേക്ക് തിരിഞ്ഞു. കാറുകളിലും മറ്റ് വാഹനങ്ങളിലും കുടുംബസമേതമായിരുന്നു പലരുടെയും യാത്ര. ഇനി മുതൽ ഇത്തരം യാത്രകൾ തുടർന്നാൽ അറസ്റ്റ് ചെയ്യുമെന്ന താക്കീതും നൽകി. സർവ്വീസ് നടത്തിയ ഓട്ടോകൾ പലതും മൂന്നും നാലും പേരെ കയറ്റിയിരുന്നു. പല വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

ശക്തനിൽ പൂരത്തിരക്ക്


ശക്തൻ മാർക്കറ്റിൽ ഇന്നലെ പുലർച്ചെ മുതൽ പൂരത്തിരക്കായിരുന്നു. ചെറുകിട കച്ചവടക്കാർ പരമാവധി സാധനം വാങ്ങിപ്പോകുന്നതിന് എത്തിയതോടെ തിക്കും തിരക്കുമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധി ലോറികൾ ചരക്കുമായി മാർക്കറ്റിൽ എത്തി. പുലർച്ചെ മുതൽ ആരംഭിച്ച തിരക്ക് രാവിലെ പതിനൊന്ന് വരെ നീണ്ടു.

സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന


ആവശ്യക്കാരേറിയതോടെ പല കടകളിലും വില കൂട്ടി സാധനങ്ങൾ വിൽക്കുന്നുവെന്ന പരാതി ഉയർന്നതോടെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി മുന്നറിയിപ്പ് നൽകി. പല കടകളിലും വിലവിവര പട്ടിക അപ്രത്യക്ഷമായിരുന്നു. ഇത് പുന:സ്ഥാപിക്കാൻ നിർദ്ദേശം നൽകി.

ആവശ്യമില്ലാതെയും കടകൾ തുറന്നു


നഗരത്തിൽ പൂർണ്ണമായും കടകൾ അടഞ്ഞ് കിടന്നെങ്കിലും ഉൾപ്രദേശങ്ങളിൽ അവശ്യ സർവ്വീസ് പട്ടികയിൽപെടാത്ത പല കടകളും രാവിലെ തുറന്നു. രാവിലെ പത്തോടെ ഈ കടകൾ പൊലീസ് ഇടപെട്ട് അടപ്പിച്ചു. മെഡിക്കൽ ഷോപ്പ്, പലചരക്ക്, പച്ചക്കറി കടകൾ, ബേക്കറി തുടങ്ങി എതാനും സ്ഥാപനങ്ങൾക്ക് മാത്രമാണ് തുറക്കാൻ അനുമതി ഉള്ളത്. പല സ്ഥലങ്ങളിലും ഹോട്ടലുകൾ തുറന്നിരുന്നു.

മാസ്‌ക് ഇല്ലേ, മദ്യം ഇല്ല

ബിവറേജ് ഷോപ്പുകളിൽ നിന്ന് മദ്യം ലഭിക്കണമെങ്കിൽ മാസ്‌കോ, തുവാലയോ കൊണ്ട് മുഖം മറയ്ക്കണം. പൊലീസ് കാവലിലാണ് വിൽപ്പന.

കടകളിൽ വൻ തിരക്ക്


ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ആവർത്തിച്ച് പറഞ്ഞിട്ടും പലചരക്ക് പച്ചക്കറി കടകളിൽ വൻതിരക്കാണ്. പച്ചക്കറിക്കും മറ്റും വില വർദ്ധിച്ചെങ്കിലും ഇതൊന്നും കൂസാതെയാണ് ആളുകൾ സാധനം വാങ്ങാനെത്തിയത്.