തൃശൂർ : കവി ഇടശേരി ഗോവിന്ദൻ നായരുടെ മകനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാർ (77) അന്തരിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മകൻ: അജയ്. മരുമകൾ: ശുഭ (ഇരുവരും കാലിഫോർണിയ). കംപ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ഇടശ്ശേരിയുടെയും ഇ. ജാനകിയമ്മയുടെയും മകനായി 1943 ജൂലായ് 13 ന് പൊന്നാനിയിലായിരുന്നു ജനനം. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസ്റ്റ് ലൈൻ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. പൊന്നാനി എ.വി ഹൈസ്‌കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിന് ശേഷം കൽക്കട്ട, ഡൽഹി, ബോംബെ നഗരങ്ങളിൽ ജോലി ചെയ്തു. 1962 ൽ പ്രസിദ്ധീകരിച്ച 'മഴയുള്ള രാത്രിയിൽ' ആണ് ആദ്യ കഥ. നോവലുകളും ചെറുകഥകളും ഓർമ്മക്കുറിപ്പുകളുമടക്കം ശ്രദ്ധേയ രചനകൾ ഹരികുമാറിന്റേതായുണ്ട്.
ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയ്ക്ക് പത്മരാജൻ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയിൽപ്പീലി' എന്ന കഥയ്ക്ക് നാലപ്പാടൻ പുരസ്‌കാരവും 'ശ്രീ പാർവതിയുടെ പാദം' എന്ന കഥയ്ക്ക് ചലച്ചിത്ര അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
1998 മുതൽ 2004 വരെ സാഹിത്യ അക്കാഡമി അംഗമായിരുന്നു. ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എൻജിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, മഴയുള്ള രാത്രിയിൽ, വൃഷഭത്തിന്റെ കണ്ണ്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ, കൊച്ചമ്പ്രാട്ടി തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.