കോഴിവില 80 ൽ
തൃശൂർ : സംസ്ഥാനത്ത് ലോക്ക് ഔട്ട് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസം കുറഞ്ഞ ചരക്ക് നീക്കം ഇന്നലെ സാധാരണ നിലയിലായെങ്കിലും വിലയിൽ കുറവില്ല. ശനിയാഴ്ച പച്ചക്കറി മാർക്കറ്റുകളിൽ വിൽപ്പന നടത്തിയതിനേക്കാൾ മൂന്നിരട്ടി വിലയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടത്. വെണ്ട, കാരറ്റ്, തക്കാളി, പയർ, മുളക്, എളവൻ, കാബേജ് എന്നിവയ്ക്കെല്ലാം വൻ വിലയാണ്.
തക്കാളി ഉൾപ്പെടെയുള്ളവ രാവിലെ പത്തോടെ വിൽപ്പന നിറുത്തി. രാവിലെ ഏഴിന് കിലോയ്ക്ക് 60 രൂപയ്ക്ക് മൊത്ത വിൽപ്പന നടത്തിയിരുന്ന തക്കാളി പത്ത് മണിയോടെ വില 80 ൽ എത്തി. കഴിഞ്ഞ എതാനും മാസമായി പച്ചക്കറിക്ക് വളരെ താഴ്ന്ന വിലയായിരുന്നു. കൊറോണ ഭീതി പരക്കുകയും വരും ദിവസങ്ങളിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് വാർത്ത പരക്കുകയും ചെയ്തതോടെ കടകളിൽ വൻതിരക്കായിരുന്നു. പച്ചക്കറി മാർക്കറ്റിലും തിരക്ക് അനുഭവപ്പെട്ടു.
ഇറച്ചിക്കോഴി വിലയും ശനിയാഴ്ച്ച വൈകീട്ട് മുതൽ കുതിച്ചുയർന്നു. ശനിയാഴ്ച്ച രാവിലെ 16 രൂപ മുതൽ 25 രൂപ വരെ വിൽപ്പന നടത്തിയിരുന്ന ഇറച്ചിക്കോഴി വില ഇന്നലെ 80 രൂപയിലെത്തി. തിങ്കളാഴ്ച 77 രൂപയായിരുന്നു.