ചാവക്കാട്: ദുബായിൽ നിന്നെത്തിയ യുവാവ് ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ അവഗണിച്ച് തന്നിഷ്ടം പോലെ കറങ്ങി നടന്നു. ഒടുവിൽ ചാവക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പിൽ ഇയാൾക്കെതിരെ കേസെടുത്തു. തിരുവത്ര മുട്ടിൽ സ്വദേശിയായ യുവാവിനെതിരെയാണ് കേസ്. ഈ മാസം പതിനേഴിനാണ് ഇയാൾ നാട്ടിൽ എത്തിയത്.

14 ദിവസം ഹോം ക്വറന്റൈൻ കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വിവരങ്ങൾ അന്വേഷിക്കാൻ ആരോഗ്യ വിഭാഗം ജീവനക്കാർ വീട്ടിൽ എത്തിയപ്പോൾ ക്വറന്റൈനിൽ ഇരിക്കേണ്ട വ്യക്തി അവിടെ ഇല്ലായിരുന്നു. പിന്നീട് ഇയാളുടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഗുരുവായൂരിൽ ആണെന്നറിഞ്ഞു.

തുടർന്ന് ചാവക്കാട് പൊലീസിൽ വിവരം അറിയിക്കുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. ഐസൊലോഷൻ ലംഘിക്കുന്നവർക്ക് ആറുമാസം മുതൽ മൂന്നു വർഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയാണ് ലഭിക്കുക.