എരുമപ്പെട്ടി: കൊവിഡ് 19 പ്രതിരോധ ബോധവത്കരണത്തിനായി എരുമപ്പെട്ടി ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി ഹ്രസ്വചിത്രം നിർമ്മിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും പൊലീസുമാണ് അഭിനേതാക്കൾ. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശം ഉയർത്തിയാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയത്. പൊതു ഇടങ്ങളിൽ നാം പരസ്പരം പാലിക്കേണ്ട ആരോഗ്യ പ്രോട്ടോക്കോളും സ്വയം പ്രതിരോധ മാർഗങ്ങളുമാണ് ചിത്രത്തിലൂടെ ഓർമ്മപ്പെടുത്തുന്നത്.
എരുമപ്പെട്ടി സ്‌കൂൾ പരിസരത്താണ് ചിത്രീകരണം നടന്നത്. സ്‌കൂൾ അദ്ധ്യാപകനും എസ്.പി.സി ഓഫീസറുമായ എൻ.പി. സുനിൽകുമാറാണ് ആശയവും സംവിധാനവും. പ്രധാന അദ്ധ്യാപകൻ എ.എ. അബ്ദുൾ മജീദ്, കായിക അദ്ധ്യാപകൻ മുഹമ്മദ് ഹനീഫ, അദ്ധ്യാപകരായ എൻ.വി. സുനിൽകുമാർ, പി.വി. ആന്റണി, അദ്ധ്യാപികയും എസ്.പി.സി ഓഫീസറുമായ പി.സി. ശ്രീജ, എം.പി.ടി.എ പ്രസിഡന്റ് ഹേമ ശശികുമാർ, പൊലീസ് ഓഫീസർ ഐ.ബി. സാജൻ, ഹോംഗാർഡ് ജയരാജ് എന്നിവരാണ് അഭിനേതാക്കൾ, ഓട്ടോ തൊഴിലാളികളും ചിത്രീകരണത്തിൽ പങ്കാളികളായി.