തൃപ്രയാർ: ലോക്ക് ഡൗണിനെ തുടർന്ന് തീരദേശമേഖലയിൽ പൊതു ഗതാഗത സംവിധാനം നിലച്ചു. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. പെരിങ്ങോട്ടുകര, തൃപ്രയാർ, വലപ്പാട്, തളിക്കുളം, വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ മിക്കതും തുറന്നില്ല. തൃപ്രയാർ ജംഗ്ഷനിൽ രാവിലെ തുറന്ന ചില സ്ഥാപനങ്ങൾ വലപ്പാട് പൊലീസെത്തി അടപ്പിച്ചു. മെഡിക്കൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റ്, ബേക്കറികൾ, പലചരക്ക് കടകൾ എന്നിവ മേഖലയിൽ തുറന്നു പ്രവർത്തിച്ചു. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചു.