nadapadi
എരുമപ്പെട്ടിയിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് പ്രതിനിധികളും വീടുകളിൽ പരിശോധന നടത്തുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടിയിലെ ഒരു വീട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ നിയമവിരുദ്ധമായി തിങ്ങിനിറഞ്ഞ് താമസിക്കുന്നതായി പഞ്ചായത്തും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ കണ്ടെത്തി. എരുമപ്പെട്ടി തയ്യൂർ റോഡിൽ ആലുക്കൽ ചിറ പാലത്തിന് സമീപമുള്ള വീട്ടിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിനിറഞ്ഞ് കഴിയുന്നത്. ഇടുങ്ങിയ മൂന്ന് മുറികളിലായി 27 പേരാണ് കിടക്കുന്നത്.

ആഹാരം പാചകം ചെയ്യുന്നത് വൃത്തിഹീനമായ സ്ഥലത്താണ്. ഇത്രയും പേർക്ക് രണ്ട് ടോയ്‌ലറ്റുകൾ മാത്രമാണുള്ളത്. ഭൂരിഭാഗം പേർക്കും ആരോഗ്യ , തൊഴിൽ തിരിച്ചറിയൽ കാർഡുകളില്ലായെന്നും പരിശോധനയിൽ കണ്ടെത്തി. ഉടമയ്ക്ക് നോട്ടീസ് നൽകുമെന്ന് ഹെൽത്ത് സൂപ്പർ വൈസർ സതീശൻ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സുധി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.എ. ഷാമില, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, ആശാ വർക്കർ കെ.എഫ്. ഡെയ്‌സി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.