തൃശൂർ: സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ തീരദേശങ്ങളിൽ ആളൊഴിഞ്ഞു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയും പ്രാന്തപ്രദേശങ്ങളും തികച്ചും വിജനമാണ്. ചുരുക്കം ചില യാത്രക്കാരൊഴിച്ചാൽ നിരത്തുകൾ ഒഴിഞ്ഞ നിലയിലാണ്. പകുതിയിലേറെ വ്യാപാരസ്ഥാപനങ്ങളും തുറന്നില്ല. അഴീക്കോട്-മുനമ്പം ബോട്ട് സർവീസ് നിർത്തിയതും പൊതുഗതാഗത സംവിധാനം അവസാനിപ്പിച്ചതും തിരക്ക് കുറച്ചു. കേരളത്തിന്റെ പ്രധാന ഉത്സവമായ മീനഭരണി മഹോത്സവത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കൊടുങ്ങല്ലൂർ നഗരവും ശ്രീകുരുംബക്കാവും ആളൊഴിഞ്ഞ നിലയിലായി. ലക്ഷക്കണക്കിനാളുകളാണ് മീനഭരണി ഉത്സവത്തിന് കൊടുങ്ങല്ലൂരിൽ എത്തിയിരുന്നത്. ആളുകൾ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാൻ പൊലീസും ആരോഗ്യവകുപ്പും പഞ്ചായത്ത്, നഗരസഭ അധികൃതരും രംഗത്തുണ്ട്. കയ്പ്പമംഗലം, എടത്തിരുത്തി, പെരിഞ്ഞനം, എറിയാട്, ചളിങ്ങാട്, കാക്കാത്തുരുത്തി എന്നീ മേഖലകളിൽ ഇന്നലെ രാവിലെ അവശ്യ സർവീസുകളുടെ ഗണത്തിൽപ്പെടാത്ത വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചിരുന്നത് പൊലീസും അധികൃതരും ഇടപെട്ട് അടപ്പിച്ചു. ഹോട്ടലുകളുടെ പ്രവർത്തനവും ഭാഗികമാണ്. അഴീക്കോട് ഹാർബർ മാർച്ച് 31 വരെ അടച്ചിടാൻ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു. തുറമുഖങ്ങളിൽ ലേല നടപടികൾ നിർത്തിയതോടെ അഴീക്കോട് ജെട്ടി, എടവിലങ്ങ്, കാര, വഞ്ചിപ്പുര ബീച്ച്, വാടാനപ്പള്ളി മേഖലകളിലെ മീൻ വിൽപ്പനയെ കാര്യമായി ബാധിച്ചു.