പാലിയേക്കര: കേരളമാകെ ലോക്ക് ഡൗൺ ആയിട്ടും ടോൾ പിരിവ് തുടർന്ന പാലിയേക്കര ടോൾപ്ലാസ അടച്ചുപൂട്ടണം എന്ന ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ ബൂത്തുകൾ തുറന്നുവിട്ടു. തുടർന്ന് ടോൾ പ്ലാസ ഓഫീസ് ഉപരോധിച്ചു. കൊറോണ ഭീതി മാറുന്നവരെ ടോൾ പ്ലാസ പിരിവ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഉപരോധം.
സംഭവം അറിഞ്ഞ് ജില്ലാ കളക്ടർ എസ്. ഷാനവാസും, ഡി.ജി.പി എസ്. സുരേന്ദ്രനും ടോൾ പ്ലാസയിലെത്തി. ബുധനാഴ്ച അർദ്ധരാത്രി വരെ ടോൾ പിരിവ് നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് സമരക്കാരെ കണ്ടു ടോൾ പിരിവ് നിറുത്തിവയ്ക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അറിയിച്ചു. സമരത്തിൽ നിന്നും പിൻമാറാൻ അഭ്യർത്ഥിച്ചു. മണ്ഡലം സെക്രട്ടറി വി.കെ വിനീഷ്, പ്രസിഡന്റ് ശ്യാൽ പുതുക്കാട്, ജില്ലാ കമ്മറ്റി അംഗം എൻ.എം മനേഷ്, വി.ആർ രബീഷ്, പി.യു ഹരികൃഷ്ണൻ, കെ.എസ് മിഥുൻ, സുജിത്ത് പാലിയേക്കര എന്നിവർ സമരത്തിന് നേതൃത്വം നൽകി.
സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വി.എസ് പ്രിൻസ്, മണ്ഡലം സെക്രട്ടറി പി.ജി മോഹനൻ, സി.യു പ്രിയൻ എന്നിവർ ടോൾ പ്ലാസയിലെത്തിയ കളക്ടറുമായി സംസാരിച്ചു. മാർച്ച് 31 വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിറുത്തിക്കൊണ്ടുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പിന്നീട് കളക്ടർ പുറപ്പെടുവിച്ചു.