തൃശൂർ: സാഹചര്യങ്ങളെ ക്രിയാത്മകവും സർഗാത്മകവുമായി മാറ്റി ഏകാന്തവാസത്തെ വിനിയോഗിക്കണമെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ. വീടുകളിൽ ഇരുന്ന് ചെയ്യാവുന്ന വ്യായാമം, വായന, ഹോബി, ഗാർഡനിംഗ് തുടങ്ങിയ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നവയെല്ലാം പരിശീലിക്കാം. സുഹൃത്തോ ബന്ധുവോ ഇത്തരത്തിൽ വീടുകളിൽ കഴിയുന്നുണ്ടൈങ്കിൽ ഫോൺ കോളിലൂടെയോ സന്ദേശത്തിലൂടെയോ കൂടെയുണ്ടെന്ന് ഓർമിപ്പിക്കാം. ഏകാന്തവാസത്തിന്റെ പേരിൽ ആരെയും ഒറ്റപ്പെടുത്തരുതെന്നും ഉറ്റവർക്കും സമൂഹത്തിനും വേണ്ടിയുള്ള മാറി നിൽക്കലാണെന്ന ചിന്താഗതിയാണ് വളർത്തേണ്ടതെന്നും ഡോക്ടർമാർ പറയുന്നു. വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് മാനസിക പിന്തുണയാണ് അനിവാര്യം. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ ജില്ലാ കൺട്രോൾ സെല്ലിലോ വിളിച്ചറിയിച്ചശേഷം അവരുടെ നിർദേശാനുസരണം മാത്രം പ്രവർത്തിക്കണം.

ശ്രദ്ധിക്കാൻ:

സന്ദർശകരെ അനുവദിക്കുകയോ മറ്റ് കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുത്.

പ്രായമായവരും രോഗമുള്ളവരും കുഞ്ഞുങ്ങളും പ്രതിരോധ ശേഷി കുറഞ്ഞവരും ശ്രദ്ധ പുലർത്തണം.

രോഗബാധ സംശയിക്കുന്ന വ്യക്തിയെ പരിചരിക്കാൻ ഒരംഗത്തെ മാത്രം ചുമതലപ്പെടുത്തുക.


നിരീക്ഷിക്കാൻ സംഘം


ഐസൊലേഷൻ പ്രോട്ടോകോൾ ലംഘിക്കുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിച്ച നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ആളുകൾ നിർബന്ധമായും ഹോം ഐസോലേഷൻ പ്രോട്ടോകോൾ പാലിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോം ക്വാറന്റൈയിൻ പാലിക്കാത്തവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കും. നിരീക്ഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫീസറുടെ സേവനവും ഇനിമുതൽ ലഭ്യമാക്കും.

''രോഗം പൂർണ്ണമായും ഭേദപ്പെടുമെന്ന് ഏകാന്തവാസത്തിലുള്ളവരെ ബോദ്ധ്യപ്പെടുത്തണം. രോഗം മാറിയവരുടെ അനുഭവങ്ങളും അവർക്ക് പകർന്ന് നൽകണം. രോഗം സംബന്ധിച്ച ശരിയായ വിവരം നൽകണം. ആത്മവിശ്വാസം വളർത്തണം. മാനസികസമ്മർദ്ദം കുറയ്ക്കുക എന്നത് തന്നെയാണ് പ്രധാനം. ആശങ്കകൾ ഉളവാക്കുന്ന വിവരം അവരുമായി പങ്കു വയ്ക്കാതിരിക്കണം. ''


ഡോ. പി.കെ സുകുമാരൻ, മനോരോഗ വിദഗ്ദ്ധൻ