കൊടുങ്ങല്ലൂർ: കൊറോണ വൈറസ് വ്യാപനത്തിന്റെ ആശങ്കയിൽ നടന്ന ജനതാ കർഫ്യൂ ദിനത്തിലും ലോക്ക് ഡൗൺ പശ്ചാത്തലത്തിലും നഗരത്തിൽ നടന്ന സൗജന്യ ഭക്ഷണ വിതരണം ആശ്വാസമേകി. ജനതാ കർഫ്യൂ ദിനമായ ഞായറാഴ്ച നാടും നഗരവും നിശ്ചലമായതിനിടയിലും താലുക്ക് ഗവ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണവുമായി കൊട്ടിക്കൽ ഈഴവ സേവ സമിതിയുടെ പ്രവർത്തകരെത്തിയിരുന്നു. ഞായറാഴ്ചകളിൽ ഇവിടെ സൗജന്യ ഭക്ഷണം നൽകാനാരംഭിച്ച സമിതി തുടർച്ചയായ 130-ാമത്തെ ഞായറാഴ്ചയാണ് ജനതാ കർഫ്യൂ ദിനത്തിലെ ഭക്ഷണ വിതരണത്തിലൂടെ പൂർത്തീകരിച്ചത്.
ഇതിനായി ജനതാ കർഫ്യുൽ നിന്നും ഒരു മണിക്കൂർ വിട്ടുനിൽക്കേണ്ടി വന്നതിന് സമിതി സെക്രട്ടറി സുനിൽ ക്ഷമാപണവും നടത്തിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഹോട്ടലുകളും മറ്റും അടഞ്ഞു കിടക്കുന്നതിനാൽ തിങ്കളാഴ്ച ഡി.വൈ.എഫ്.ഐ പ്രവർത്തകാണ് വിശക്കുന്ന വയറുകൾക്ക് ആശ്വാസമേകാനെത്തിയത്. എസ്.എൻ. പുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചായിരുന്നു ആശുപത്രിയിലെ രോഗികൾക്കും മറ്റും എത്തിച്ചത്. ഇന്നലെ എ.ഐ.വൈ.എഫ് പ്രവർത്തകരാണ് ദൗത്യം ഏറ്റെടുത്തത്. എ.ഐ.വൈ.എഫ് കൊടുങ്ങല്ലൂർ, കയ്പ്പമംഗലം മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. മുൻ നഗരസഭാ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ, എം.പി. മനോജ്, പി.എ. താജുദ്ദീൻ, കെ.എ. ആഷിക്ക്, മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിളിലും ഉച്ചഭക്ഷണ വിതരണം തുടരുമെന്ന് ഇവർ പറഞ്ഞു. വൈകുന്നേരങ്ങളിലും താലൂക്ക് ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപേ സേവാഭാരതി തുടക്കം കുറിച്ച ഈ സേവാ പ്രവർത്തനം ഇന്നും തുടർന്ന് പോരുന്നുണ്ട്.
ജനതാ കർഫ്യൂ ദിനത്തിൽ കൊട്ടിക്കൽ ഈഴവ സേവാ സമിതിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന ഭക്ഷണ വിതരണം