തൃശൂർ: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി സിറ്റി പൊലീസ്. വാഹന പരിശോധനയുടെ ഭാഗമായി സിറ്റി പൊലീസിന് കീഴിൽ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധികളിലും ചെക്കിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചു. അതേസമയം, ജില്ലയിലെ വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷൻ കടകളിൽ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കി. ഇതിനായി എസ്‌.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ, റേഷൻ ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡിനെ രൂപീകരിച്ചു.

ആൾക്കൂട്ടം തടയുന്നതിന് പൊലീസ് സ്‌റ്റേഷൻ പരിധിക്കുള്ളിൽ നാല് മൊബൈൽ പട്രോളിംഗ് വാഹനങ്ങളും ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെയും ഏർപ്പെടുത്തി. സംസ്ഥാനത്ത് ലോക്ക്ഡൗൺ പുറപ്പെടുവിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് വിൽപ്പന കേന്ദ്രങ്ങൾ കൃത്യസമയത്ത് തുറക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും സ്‌റ്റേഷനറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ബിവറേജ് ഔട്ട്‌ലെറ്റുകളിലും ആൾക്കൂട്ടം ഇല്ലെന്ന് ഉറപ്പ് വരുത്തുന്നതിനും പൊലീസ് പ്രത്യേകം നിരീക്ഷണം നടത്തുന്നുണ്ട്.

കൂടുതൽ വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. നിലവിൽ പൊതുവിപണിയിലെ 226 കടകളിൽ ലോക്ക് ഡൗണിന്റെ ഒന്നാംദിനം പരിശോധന പൂർത്തിയാക്കി. റേഷൻ കടകളിൽ മാർച്ച് മാസത്തെ വിഹിതം സ്‌റ്റോക്ക് എത്തിച്ചു. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം വിതരണം ആരംഭിച്ചു. ജില്ലയിലെ എല്ലാ റേഷൻ കടകളിലും ഭക്ഷ്യ സാധനങ്ങൾ സ്‌റ്റോക്ക് ഉള്ളതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മിൽമ പാൽ, പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യതയും ഉറപ്പുവരുത്തി.