തൃശൂർ: കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അടച്ചിടൽ നിർദ്ദേശങ്ങൾ കൂടുതൽ കർശനമായി ജില്ലയിൽ നടപ്പാക്കുമെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ പറഞ്ഞു. ജില്ലാതല അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നിർദ്ദേശിച്ച വിഭാഗങ്ങൾ ഒഴികെ ആരും പുറത്തിറങ്ങി സഞ്ചരിക്കരുത്. ക്വാറന്റൈൻ ചെയ്തവർ പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തിരിച്ച് വീട്ടിലേക്ക് അയക്കാതെ സർക്കാർ ഏർപ്പെടുത്തുന്ന ക്വാറന്റൈൻ സംവിധാനത്തിലേക്ക് മാറ്റും. പൊലീസ് നിയമനടപടി സ്വീകരിക്കും. ആഗ്രയിൽ നിന്ന് എത്തിയ നാല് അതിഥി തൊഴിലാളികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചു.
കുട്ടനെല്ലൂരിൽ ആശ്വാസം
രോഗബാധിതനായ യു.കെ സ്വദേശി കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്തതിന്റെ ഫലമായി സമ്പർക്കമുണ്ടായ 76 പേരുടെ നിരീക്ഷണകാലാവധി പൂർത്തിയായപ്പോൾ ആർക്കും രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ല. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മലക്കപ്പാറയിൽ അന്തർസംസ്ഥാന ഗതാഗതം തടയും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുടെ പാസ്‌പോർട്ട് കോപ്പി ശേഖരിക്കും. ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇതുവരെ അറസ്റ്റിലായത് 114 പേർ
പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതു വരെ ജില്ലയിൽ അറസ്റ്റിലായത് 114 പേർ. വ്യാജ വാർത്ത ചമക്കൽ, സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ഇരിക്കൽ തുടങ്ങിയ സംഭവങ്ങളിലായി 85 കേസുകളാണ് ജില്ലയിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. തൃശൂർ സിറ്റിയിൽ 49 കേസുകളിലായി 78 പേരെ അറസ്റ്റ് ചെയ്തപ്പോൾ റൂറൽ പൊലീസ് 36 കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. അടച്ചിടൽ നിർദ്ദേശം ലംഘിച്ചാൽ കൂടുതൽ കർശനമായി നേരിടുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.