കൊടുങ്ങല്ലൂർ: അഴിക്കോട് മറൈൻ കോളേജ് ഹോസ്റ്റൽ ക്വാറന്റൈൻ സെൻ്ററാക്കുന്നതിന് ധാരണയായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദിനി മോഹൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഇവിടെ എത്തിയാണ് തീരുമാനമെടുത്തത്. വിദേശത്ത് നിന്നും വരുന്നവരെ താമസിപ്പിക്കുവാനാണ് ക്വാറന്റൈൻ സെന്റർ സജ്ജമാക്കുന്നത്. അഴിക്കോട് പ്രവാസി സംഘത്തിന്റെ മുൻകൈയ്യിലാണ് സംവിധാനം. അടഞ്ഞു കിടക്കുന്ന കരിക്കുളം ആശുപത്രി വൃത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും അതിന് ബുദ്ധിമുട്ടേറിയത് കൊണ്ടാണ് പ്രവാസി സംഘം മറൈൻ കോളേജ് നിർദേശിച്ചത്. ഇവിടെ 150 ബെഡ് ഒരുക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.