തൃശൂർ: ലോക്ക് ഡൗണിന്റെ രണ്ടാം ദിനത്തിലും ആളോഴിയാതെ നിരത്തുകൾ. എന്നാൽ ആദ്യദിവസത്തെ പോലെ തിക്കും തിരക്കും ഉണ്ടായില്ല. ഇന്നലെയും നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ താക്കീതുകളും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും കൈകൊണ്ടിട്ടും പഠിക്കാതെ പലരും ചുറ്റിക്കറങ്ങുകയാണ്.

ചിലർ കുട്ടികളെ പോലും സുരക്ഷിതത്വമില്ലാത്ത തരത്തിൽ വാഹനങ്ങളിൽ കൊണ്ടുപോകുന്നുണ്ട്. പൊലീസ് നിലപാട് കർശനമാക്കിയതോടെ ഇടവഴികളിലൂടെയും മറ്റുമുള്ള യാത്രകളും നടക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ ഇന്നലെ രാത്രി ശക്തമായ പട്രോളിംഗ് നടത്തിയിരുന്നു. അവശ്യ സർവീസ് ഗണത്തിൽപ്പെട്ട കടകൾ ഇന്നലെ ഭൂരിഭാഗവും തുറന്നിട്ടുണ്ട്.
ഒരോ ദിവസം ചെല്ലുംതോറും കൊറോണ നിരീക്ഷണത്തിലിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നുണ്ട്. നിലവിൽ ഫ്രാൻസിൽ നിന്ന് വന്ന 30 വയസുള്ള യുവതി മാത്രമാണ് കൊറോണ വൈറസ് ബാധയുമായി ജില്ലയിലുള്ളത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം രോഗം മാറി വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു.


രാവിലെ മുതൽ നിലയുറപ്പിച്ച് പൊലീസ്

അനാവശ്യമായി കറങ്ങുന്നവരെ പിടികൂടാൻ രാവിലെ മുതൽ തന്നെ പൊലീസ് നിരത്തുകളിൽ ഇറങ്ങി. ബാരിക്കേഡുകൾ സ്ഥാപിച്ച ശേഷം കൃത്യമായി പോകേണ്ട സ്ഥലം പറഞ്ഞവരെ മാത്രമാണ് വിട്ടയച്ചിരുന്നത്. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ജില്ലയില പല ഭാഗങ്ങളിലും നിരവധി പേർക്ക് പൊലീസിന്റെ ലാത്തിയടിയേറ്റിട്ടുണ്ട്. പല യുവാക്കളും രണ്ടും മൂന്നും പേരെ വച്ചാണ് ബൈക്കുകൾ ഓടിക്കുന്നത്. ഡി.ഐ.ജി: സുരേന്ദ്രൻ, കമ്മിഷണർ ആദിത്യ, എ.സി.പി: രാജു എന്നിവർ വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

നിർദ്ദേശങ്ങൾ പാലിക്കാതെ
ശക്തൻ മാർക്കറ്റ് പ്രവർത്തനം

നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാതെ ശക്തൻ മാർക്കറ്റിന്റെ പ്രവർത്തനം. സാധനങ്ങൾ വാങ്ങാൻ വരുന്നവർ നിശ്ചിത അകലം പാലിക്കണമെന്ന നിർദ്ദേശം ഇവിടെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. നിരവധി അന്യ സംസ്ഥാനക്കാരും കൂട്ടമായെത്തി സാധനങ്ങൾ വാങ്ങിപ്പോകുന്നുണ്ട്.

ആളനക്കമില്ലാതെ റെയിൽവേ സ്‌റ്റേഷൻ
365 ദിവസവും ആൾക്കൂട്ടം കൊണ്ട് നിറഞ്ഞ് നിൽക്കുന്ന റെയിൽവേ സ്റ്റേഷനിൽ ആളനക്കമില്ല. ഇന്ന് പുലർച്ചെ അവസാനത്തെ ട്രെയിനും തൃശൂരിൽ യാത്ര അവസാനിപ്പിച്ചതോടെ ചൂളം വിളികൾ നിലച്ചു.

വേറിട്ട കാഴ്ചയായി പൊതിച്ചോറ് വിതരണം
ലോക്ക് ഡൗണിനെ തുടർന്ന് നിയന്ത്രണം ശക്തമാക്കിയതോടെ ആരോരുമില്ലാത്തവർക്ക് ഭക്ഷണം എത്തിച്ച് സന്നദ്ധ സംഘടനകളും യുവജന സംഘടനകളും വേറിട്ട കാഴ്ചയായി. ഡി.വൈ.എഫ്.ഐ സ്വരാജ് റൗണ്ടിൽ വിവിധ കേന്ദ്രങ്ങളിൽ പൊതിച്ചോറ് വിതരണം നടത്തി. യൂത്ത് കോൺഗ്രസ്, യുവമോർച്ച, സേവാഭാരതി, വർഷങ്ങളായി ദിവസവും നഗരത്തിലെ അലഞ്ഞു തിരിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന വിവിധ സംഘടനകളും രംഗത്തുണ്ടായിരുന്നു.