തൃശൂർ: കൊറോണയെന്ന മഹാമാരിയെ അതിജീവിച്ച് വീട്ടിലേക്ക് യാത്രയാകുമ്പോൾ പ്രവാസിയായ ആ 21കാരൻ ആരോഗ്യവകുപ്പിന് അർപ്പിച്ചത് ബിഗ് സല്യുട്ട്. കേരള സർക്കാരിെന്റ സംവിധാനങ്ങളെ എന്നും താൻ നന്ദിയോടെ സ്മരിക്കും. ഐസൊലേഷൻ വാർഡിലെ ചികിത്സ കഴിഞ്ഞ് കൊറോണ പൂർണമായി ഭേദമായി വീട്ടിലേക്ക് പുറപ്പെടും മുമ്പേ യുവാവിന്റെ സാമൂഹ് മാദ്ധ്യമത്തിലെ കുറിപ്പാണിത്.
17 ദിവസങ്ങളിൽ താൻ ഏകാന്തവാസത്തിൽ അനുഭവിച്ചറിഞ്ഞ തിരിച്ചറിവുകൾ ഏറെയാണെന്ന് രേഖപ്പെടുത്തുന്നു. ആശുപത്രിയിൽ ചെന്ന ദിവസം മുതൽ ലഭിച്ച ചികിത്സ, സാന്ത്വനം, പരിപാലനം തുടങ്ങി എല്ലാം തന്റെ ജീവിതത്തിലേക്കുള്ള തിരിച്ച് പോക്കിന് ആത്മബലം നൽകി. ഡോക്ടർമാർ, നഴ്‌സുമാർ, മറ്റു ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ കാണിച്ച നിസ്വാർത്ഥമായ പ്രവർത്തനം ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
ദിവസവും ഒന്നിലധികം തവണ ജില്ലാ ആരോഗ്യ ഓഫീസിൽ നിന്നും വിളിച്ചു രോഗ വിവരങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും അന്വഷിക്കുന്ന പതിവ് തനിക്ക് തന്ന ആത്മധൈര്യം വിവരിക്കുന്നതിന് അപ്പുറമാണ്. സോഷ്യൽ മീഡിയയിലും, ചില ടി.വി ചാനലുകളിലും തെറ്റായ വാർത്തകളും, വാസ്തവവിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തനിക്ക് ആരോടും പരിഭവമില്ല. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള വിശ്രമത്തിന് ശേഷം കഴിവനുസരിച്ച് ഇത്തരം പ്രയാസങ്ങൾ അഭവിക്കുന്നവരെ സഹായിക്കാൻ താൻ പ്രതിജ്ഞാബന്ധനാണ്. നാട്ടിലും ലോകത്താകമാനമുള്ള മനുഷ്യർക്ക് ഈ അവസ്ഥ വരാതിരിക്കട്ടെയെന്ന പ്രാർത്ഥനയാണ് തനിക്കുള്ളതെന്നും യുവാവ് കൂട്ടിചേർത്തു.