തൃശൂർ: ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് അനാവശ്യമായി റോഡുകളിൽ കറങ്ങുന്നവരെ കുടുക്കാനും നഗരങ്ങളിൽ എത്തുന്നവരെ സസൂക്ഷ്മം നിരീക്ഷിക്കാനും ആകാശക്കണ്ണുകളുമായി തൃശൂർ സിറ്റി പൊലീസിന്റെ ഡ്രോണുകൾ.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നലെ നടന്നത്. നഗരത്തെ മൂന്ന് ഡിവിഷനുകളായി തിരിച്ച് പാലിയേക്കര ടോൾ പ്ലാസ വരെയുള്ള ഭാഗങ്ങളാണ് പരിശോധന നടത്തിയത്.

സിറ്റി പരിധിയിലെ പ്രധാന റോഡുകളും ജംഗ്ഷനുകളും കേന്ദ്രീകരിച്ച് ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം പൊലീസ് തീരുമാനിച്ചിരുന്നു. കൂട്ടംകൂടി നിൽക്കുന്നതു മാത്രമല്ല, വാഹനത്തിരക്കും ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്താൻ കഴിയും. ആൾക്കൂട്ടമോ വാഹനങ്ങൾ പുറത്തിറങ്ങുന്നതോ ഡ്രോണിലൂടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസ് എത്തി നടപടി എടുക്കാനാകും. പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിച്ചത് വിജയിച്ചതോടെയാണ് ഡ്രോൺ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. വാഹന പരിശോധനയ്ക്കും ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനും കമ്മിഷണർ ആർ. ആദിത്യ, എ.സി.പി: വി.കെ. രാജു എന്നിവർ നേതൃത്വം നൽകി.

'വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊലീസ് കർശനമായ പരിശോധനയാണ് നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ഈ സമയത്ത് വളരെ അനുയോജ്യമാണ്.'

- എസ്. സുരേന്ദ്രൻ, ഡി. ഐ. ജി


ഉപയോഗം പലവിധം


@ അണുവിമുക്തമാക്കാം

മറ്റ് സംസ്ഥാനങ്ങളിൽ നഗരങ്ങളും തെരുവുകളും അണുവിമുക്തമാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ബംഗളുരുവിൽ നഗരശുചീകരണത്തിന് ഡ്രോണുകൾ വിന്യസിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. അണുനാശിനി തളിച്ച് പൊതുസ്ഥലങ്ങൾ വേഗത്തിലും സുരക്ഷിതമായും വൃത്തിയാക്കാം എന്നതാണ് ഗുണം.


@ മുന്നറിയിപ്പുകൾക്ക്

സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാനും മറ്റും അത്യാധുനിക ഡ്രോണുകൾ വരെയാണ് മറ്റ് രാജ്യങ്ങൾ ഇറക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് ദുബായ്, മാഡ്രിഡ് നഗരങ്ങളിൽ ഡ്രോണുകൾ ഇറക്കിയിരുന്നു. തെരുവിലിറങ്ങി നടക്കുന്നവരെ വിലക്കുന്ന നിർദ്ദേശങ്ങളും ഡ്രോണുകൾ നൽകുന്നുണ്ട്. വിവിധ ഭാഷകളിലാണ് മുന്നറിയിപ്പ്.

ചൈനയിൽ, ആരെങ്കിലും മാസ്‌ക് ധരിക്കാതെയോ മറ്റ് നിർദേശങ്ങൾ പാലിക്കാതെയോ പുറത്തിറങ്ങിയാൽ ഉടൻ പിന്നാലെ ഡ്രോൺ എത്തും. മാസ്‌ക് ധരിക്കാനും മുൻകരുതലെടുക്കാനും നിർദേശം നൽകും. ഇതുസംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


@ആൾക്കൂട്ടത്തെ തടയാൻ

ബീച്ചുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആൾക്കൂട്ടത്തെ തടയാനും ജനങ്ങൾ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താനും ആധുനിക ഡ്രോണുകൾ ദുബായിൽ ഉപയോഗിച്ചിരുന്നു. ഇതും വിജയം കണ്ടതായാണ് റിപ്പോർട്ടുകൾ.