janaki
ഒറ്റക്കു താമസിച്ചിരുന്ന ജാനകിയെ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന്റെ നേതൃത്വത്തിൽ ആൽഫ പാലിയേറ്റീവ് കെയർ ഹോമിലേക്കു കൊണ്ടുപോകുന്നു

കയ്പമംഗലം: ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയ്ക്ക് തണലായി ആൽഫ പാലീയേറ്റിവ് കെയർ. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അറിയിച്ചതനുസരിച്ചാണ് ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് പൊറ്റേക്കാട്ട് പരേതനായ ശങ്കരന്റെ ഭാര്യ ജാനകിയുടെ പരിചരണം ഏറ്റെടുക്കാൻ ആൽഫ സന്നദ്ധമായത്.

രണ്ടു വർഷം മുമ്പായിരുന്നു ശങ്കരന്റെ മരണം. നാലു വർഷം മുമ്പ് പൊള്ളലേറ്റ് അവശനിലയിലായ ജാനകി ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. മറ്റാരും പരിചരിക്കാനില്ലാത്ത അവസ്ഥയിലാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ളവരുടെ ഇടപെടൽ. ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് പി.ആർ.ഒ: താഹിറ മുജീബ്, ചീഫ് പ്രോഗ്രാം ഓഫീസർ സുരേഷ് ശ്രീധരൻ എന്നിവരാണ് ജാനകിയമ്മയെ ആൽഫയിലേക്ക് കൊണ്ടുപോകാൻ എത്തിയത്.

ഗ്രാമ പഞ്ചായത്ത് അംഗം ടി.വി. മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന വിശ്വം, കയ്പമംഗലം ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ഗോപകുമാർ, കിരൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആൽഫ പാലിയേറ്റീവ് കെയർ എടമുട്ടം ഹോസ്പീസിൽ എത്തിച്ച ജാനകിയെ ഡോക്ടർമാരുടെ പരിശോധനകൾക്കു ശേഷം ആൽഫ കെയർ ഹോമിലേക്ക് മാറ്റുമെന്ന് ആൽഫ അധികൃതർ അറിയിച്ചു.