വാടാനപ്പള്ളി: മരുന്ന് ക്ഷാമം നേരിടുന്ന തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അവശ്യമരുന്നുകൾ നൽകി യു.എ.ഇയിലെ തളിക്കുളം പ്രവാസി അസോസിയേഷൻ. ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്താണ് വാങ്ങി നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആയിരത്തോളം മാസ്‌കുകളും നൽകി.
കൊറോണ വ്യാപനം തടയുന്നതിനായി തളിക്കുളത്തെ നാലു പ്രദേശങ്ങളിൽ ഹാൻഡ് വാഷ് കോർണറുകളും പ്രവാസി അസോസിയേഷൻ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും മാസ്‌കുകളും ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിതയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോകേതുൽ പ്രമോദ് ഏറ്റുവാങ്ങി. അസോസിയേഷൻ രക്ഷാധികാരി ഗഫൂർ തളിക്കുളം അദ്ധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബു, പഞ്ചായത്ത് അംഗം ഇ.പി.കെ. സുഭാഷിതൻ ,ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ് കുമാർ, എച്ച്.എം.സി അംഗം പി.എം. അമീർ ഷാ, അസോസിയേഷൻ ഭാരവാഹികളായ ടി.യു. സുഭാഷ് ചന്ദ്രൻ, ബാഹുലേയൻ മാനങ്ങത്ത്, എ.പി. രത്‌നാകരൻ, ടി.വി. രാമദാസ്, പി.എച്ച്. മുഹമ്മദ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിദ്യാസാഗർ, ഹെഡ് നഴ്‌സ് സീനത്ത് എന്നിവർ പങ്കെടുത്തു.