കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്ത നിറുത്തിവച്ചിട്ടുണ്ടെങ്കിലും ചന്ത ദിവസമായ ഇന്ന് പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളിൽ അണു നശീകരണം നടത്തി വരുന്നത് ഇന്നലെയും തുടർന്നു. ആയിരക്കണക്കിന് ജനങ്ങൾ എത്തിച്ചേരുന്ന കോട്ടപ്പുറം മാർക്കറ്റിൽ ഇന്നലെ അണുനാശിനി ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ശുചീകരണം നടത്തി.
തുടർന്ന് ചേരമാൻ പള്ളി പരിസരത്തും ചന്തപ്പുരയിലും എറിയാട് റോഡിലുമെല്ലാം വെള്ളം പമ്പ് ചെയ്ത് അണു നശീകരണം നടത്തി. നഗരസഭയിൽ നിലവിൽ 303 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. മേത്തലയിൽ 194 പേരും കൊടുങ്ങല്ലൂരിൽ 109 പേരുമാണ് ഇപ്പോൾ ഐസോലേഷനിൽ നിലവിലുള്ളത്. ഇതു വരെ അയച്ച സാമ്പിളുകളുടെ ഫലമെല്ലാം നെഗറ്റീവാണ്. ഇനി 4 കേസ്സുകളുടെ ഫലം കൂടിയാണ് ലഭിക്കാനുള്ളത്. താലൂക്കാശുപത്രിയിൽ ബസ്സ് യാത്ര ചെയ്ത് വന്നിരുന്ന നഴ്‌സ്മാരുൾപ്പെടെയുള്ളവർക്ക് താമസിക്കുവാൻ ആശുപത്രിയോട് ചേർന്ന് തന്നെ സൗകര്യമൊരുക്കിയതായും ചെയർമാൻ കെ.ആർ.ജൈത്രൻ പറഞ്ഞു.