തൃശൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ സിറ്റി പൊലീസ് ജില്ലയിലുടനീളം കർശനമായ പരിശോധന നടത്തി. സിറ്റി പൊലീസ് പരിധിയിൽ മാത്രം രജിസ്റ്റർ ചെയ്ത കേസുകൾ 89 ആയി. ജില്ലാ അതിർത്തിയായ വാണിയമ്പാറയിലും, പെരുമ്പിലാവിലും സ്ഥിരം പരിശോധനാ കേന്ദ്രങ്ങൾ അടക്കം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷൻ പരിധികളിലായി 24 വാഹന പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിർത്തി കടന്നു വരുന്നവാഹനങ്ങൾ കർശന പരിശോധനയ്ക്ക്‌ ശേഷമേ കടത്തിവിടുന്നുള്ളു. ഓരോ പൊലീസ് സ്‌റ്റേഷൻ പരിധികളിലും സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ വാഹന പരിശോധനയും, മൊബൈൽ പട്രോളിംഗും ശക്തമാക്കി. നിരത്തിലൂടെ പോകുന്ന ഓരോ വാഹനവും പൊലീസ് പരിശോധിച്ചശേഷം അത്യാവശ്യ സർവ്വീസുകൾക്കു മാത്രം തുടർയത്രാ അനുമതി നൽകി. അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരായി 21 കേസുകൾ രജിസ്റ്റർ ചെയ്തു.