തൃശൂർ : ലോക്ഡൗണുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർക്കശമാക്കിയതോടെ നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറയുന്നു. വ്യക്തമായ കാരണമില്ലാതെ പുറത്തിറങ്ങിയവർക്കെതിരെ ഇന്നലെയും നടപടി തുടർന്നു. പുലർച്ചെ മുതൽ പൊലീസ് നിരത്തിൽ സജീവമായി. മൂവായിരത്തോളം പൊലീസിനെയാണ് വിന്യസിപ്പിച്ചത്. അനാവശ്യ യാത്രക്കാരുടെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്ത് തുടങ്ങിയതോടെ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. രാവിലെയാണ് വാഹനപെരുപ്പം ഏറെയെന്ന് പൊലീസ് പറഞ്ഞു. പലരും ഇടവഴികളിലൂടെ പൊലീസിന്റെ കണ്ണവെട്ടിച്ച് പോകുന്നുണ്ട്. ഇവരെ കുരുക്കാൻ പട്രോളിംഗ് സംവിധാനം ഊർജ്ജിതമാക്കി.
ശക്തൻ മാർക്കറ്റ് പൊലീസ് നിയന്ത്രണത്തിൽ
നിർദ്ദേശം പാലിക്കാതെ ശക്തൻ മാർക്കറ്റിൽ വ്യാപാരം നടക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വ്യാപാരികൾക്കും, ഡ്രൈവർമാർക്കും, സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും മാസ്‌ക് നിർബന്ധമാക്കി. എ.സി.പി വി.കെ രാജുവിന്റെ നേതൃത്വത്തിൽ നാൽപ്പതോളം പൊലീസാണ് ഇന്നലെ മാർക്കറ്റിൽ ഉണ്ടായിരുന്നത്. ഒരു സ്ഥലത്ത് കൂടി മാത്രമേ അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. വരുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി.
മെഡിക്കൽ വിദ്യാർത്ഥികളുടെ കാർ കസ്റ്റഡിയിൽ
നിരീക്ഷണത്തിലിരിരിക്കെ കാറിൽ കറങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു ദിവസം മുമ്പാണ് ഇവർ മംഗലാപുരത്ത് നിന്ന് തൃശൂരിലെത്തിയത്. തുടർന്ന് രണ്ട് പേരും ഒരു വീട്ടിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് പരിശോധനയിൽപെട്ടത്. തുടർന്ന് ഇരുവരെയും ആക്‌ട്സിന്റെ ആംബുലൻസിൽ വീട്ടിലാക്കി.
പലതവണ മരുന്നു കുറിപ്പുമായി വന്നവർ കുടുങ്ങി
മരുന്നു കുറിപ്പുമായി പലതവണ കറങ്ങിയവരെ പൊലീസ് ശാസിച്ച് വിട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പുറത്തിറങ്ങാൻ കണ്ടെത്തിയ മാർഗങ്ങളിൽ ഒന്നായിരുന്നു മരുന്നു കുറിപ്പുമായി പുറത്തിറങ്ങൽ. ഇത് കൂടുതലായതോടെ കുറിപ്പുമായി പോകുന്നവരുടെ നമ്പറുകൾ എഴുതിവച്ചു. വീണ്ടും വന്നതോടെ ഇനിയും ആവർത്തിച്ചാൽ വീട്ടിലേക്ക് പോകേണ്ടി വരില്ലായെന്ന താക്കീതും നൽകി വിട്ടയച്ചു.
നിരീക്ഷണത്തിലിരിക്കുന്നവർ അശ്രദ്ധ കാണിക്കുന്നുവെന്ന് പരാതി
നിരീക്ഷണത്തിലിരിക്കുന്നവരും അവരും കുടുംബങ്ങളും ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശം പാലിക്കുന്നില്ലെന്ന പരാതി കൂടുന്നു. ഇത്തരം പരാതികൾ ഏറിയതായാണ് ജീവനക്കാർ പറയുന്നത്. തങ്ങൾക്ക് രോഗമില്ലെന്ന് പറഞ്ഞാണ് ഇവർ പുറത്തിറങ്ങുന്നത്. ഇതോടെ വാർഡ് തലത്തിൽ രൂപീകരിച്ച റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ സഹായത്തോടെ ആരോഗ്യ പ്രവർത്തകർ ഇവരുടെ വീടുകളിൽ സന്ദർശനം പതിവാക്കി കർശന നിർദ്ദേശം നൽകി. ചില കേന്ദ്രങ്ങളിൽ പൊലീസിന്റെ സഹായവും തേടുന്നുണ്ട്.